india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 10,03,832 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമാകാൻ ഇരുപത് ദിവസം മാത്രമാണ് വേണ്ടി വന്നത്. ഇത് രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നുവെന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതിദിന വർദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാദ്ധ്യതയെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. 687 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 25602 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ലോകത്താകെയുള്ള കൊവിഡ് രോഗികളിൽ എട്ട് ശതമാനത്തോളം ഇപ്പോൾ ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ അമേരിക്കയ്ക്കും ബ്രസീലിനും താഴെ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത് 2,84,281 പേർക്കാണ്. 11,194 പേർ മരിച്ചു. 1,58,140 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 1,14,947 പേരാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. തമിഴ്‌നാട്ടിൽ 1,56,369 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,236 പേർ മരിച്ചു. 1,07,416 പേർ രോഗമുക്തി നേടി. 46,717 പേർ ചികിത്സയിലുണ്ട്. ഡൽഹിയിൽ 1,18,645 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 3,545 പേർ മരിച്ചു. 97,693 പേർ രോഗമുക്തി നേടി. നിലവിൽ 17,407 പേർ ചികിത്സയിലുണ്ട്.