sachin-pilot-

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ അധികാര വടംവലിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനൊരുങ്ങുന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ നീക്കവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി അദ്ദേഹം സച്ചിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അനാവശ്യ ചിന്തകളും മത്സരങ്ങളും മതിയാക്കി പാര്‍ട്ടിയിലേക്ക് തിരികെ വരാനാണ് സച്ചിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. രാജസ്ഥാനില്‍ പാര്‍ട്ടിക്കകത്ത് ഇതുവരെ സംഭവിച്ചതെല്ലാം ഒരു അടഞ്ഞ അദ്ധ്യായമായി കണക്കാക്കി തിരികെ വരാനാണ് സച്ചിനോട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായ മുതിര്‍ന്ന നേതാവ് അശോക് ഗലോട്ടിനെ താഴെയിറക്കി മുഖ്യമന്ത്രി കസേര സ്വ ന്തമാക്കാനാണ് കഴിഞ്ഞ കുറേ ആഴ്ചകളായി സച്ചിന്റെ നേതൃത്വത്തിലുള്ള വിമത എം എല്‍ എമാരുടെ നീക്കം. ഇതിനായി ബി ജെ പി നേതൃത്വവുമായി സച്ചിന്‍ ആശയവിനിമയം നടത്തി എന്നും സൂചനകളുണ്ടായിരുന്നു. രാജസ്ഥാന്‍ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനവും, ഉപമുഖ്യമന്ത്രി സ്ഥാനവും കൈയ്യാളിയിരുന്ന സച്ചിന്റെ ഇരു ചിറകുകളും വെട്ടിമാറ്റിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിന് മറുപടി നല്‍കിയത്. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനവും, ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമായാല്‍ സച്ചിന്റെ വിലപേശല്‍ ശേഷി കുറയ്ക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ഇത് ചെയ്തത്. അതേ സമയം സച്ചിനെ ബി ജെ പി ക്യാമ്പിലേക്ക് അയക്കുന്നതില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നതിന്റെ സൂചന കൂടിയാണ് ചിദംബരത്തിന്റെ ഇടപെടല്‍. രാജസ്ഥാനില്‍ ജാതി സമവാക്യങ്ങള്‍ക്കതീതമായ യുവാക്കള്‍ക്കിടയില്‍ സച്ചിന്‍ മതിപ്പേറിയ നേതാവാണ് എന്നത് തന്നെ പ്രധാന കാരണം. അതേ സമയം മുഖ്യമന്ത്രി കസേര സച്ചിന് വിട്ടുകൊടുക്കാന്‍ ബി ജെ പിയും ഒരുക്കമല്ലാത്തത് അത്തരത്തില്‍ ഒരു സംഖ്യം രൂപീകരിക്കാന്‍ സച്ചിന് തടസമാകുകയും ചെയ്യുന്നുണ്ട്.

സച്ചിനെ അനുനയിപ്പിച്ച് തിരികെ എത്തിച്ചാലും ഗലോട്ട് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഇനി ലഭിക്കില്ല എന്നത് ഉറപ്പാണ്. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ ഉന്നതമായ പദവി നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ബ്രിഗേഡിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന സച്ചിനെ പിണക്കാനും ദേശീയ നേതാക്കള്‍ ഒരുക്കമല്ല. സച്ചിനെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ നിന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയെ രാഹുല്‍ നേരിട്ട് വിളിച്ചു തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.