
വാഷിംഗ്ടൺ:അമേരിക്ക ഇതുവരെ നടത്തിയത് 42 ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ. ഈ റെക്കോഡ് നേട്ടത്തിൽ അമേരിക്കയ്ക്ക് താെട്ടുപിന്നിലുളളത് ഇന്ത്യയാണ്. 12 ദശലക്ഷം കൊവിഡ് ടെസ്റ്റുകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്. വൈറ്റ്ഹൗസിന്റേതാണ് ഇൗ വെളിപ്പെടുത്തൽ. പരിശോധനയിൽ ഞങ്ങൾ ലോകത്തെ നയിക്കുന്നു എന്നാണ് ഇൗ വിവരം പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ല് മക് എനനി പറഞ്ഞത്. അമേരിക്കയിൽ ഒരുലക്ഷത്തിലധികം പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇത്തരത്തിലുളള അവകാശവാദവുമായി അധികൃതർ എത്തിയതെന്ന് വിമർശനവുമായി ട്രംപിന്റെ എതിരാളികൾ രംഗത്തെത്തിയിട്ടുണ്ട്. തുടക്കത്തിൽ കൊവിഡിനെ നിയന്ത്രിക്കാനോ മാസ്ക് ധരിക്കാനോ മുതിരാത്ത ട്രംപ് കഴിഞ്ഞദിവസം മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടതും ഇതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ നടന്ന ഒരു സർവേയുടെ ഫലം ട്രംപിന് അനുകൂലമല്ലാത്ത രീതിയിലായിരുന്നു.