
കൊച്ചി: കാരക്കോണം മെഡിൽ കോളേജിലെ കോഴ വിവാദത്തിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സി എസ് ഐ സഭാ അദ്ധ്യക്ഷൻ ധർമരാജ് റസാലം, കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, കൺട്രോളർ ധർമ്മരാജ് എന്നിവർക്കെതിരെ അന്വേഷണം നടക്കാത്തതിലായിരുന്നു വിമർശനം. രണ്ട് പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി അന്വേഷണത്തെ വിമർശിച്ചത്.
വൻസ്രാവുകൾക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല എന്ന് ചോദിച്ച കോടതി പ്രധാനപ്രതികൾക്കെതിരെ അന്വേഷണമില്ലാത്തത് ആശ്ചര്യപ്പെടുത്തുവെന്നും പറഞ്ഞു.ജീവനക്കാർക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ചെന്നും കോടതി വിമർശിച്ചു. ഒന്ന് മുതൽ മൂന്ന് വരെയുളള പ്രതികൾക്കെതിരെ അന്വേഷണം വേണമെന്നും നിർദ്ദേശിച്ചു.കേസിൽ പത്തുദിവസത്തിനകം അന്വേഷണപുരോഗതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സി എസ് ഐ സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജായ കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
കോളേജിന്റെ ഡയറക്ടറായിരുന്ന ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.