ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്‌ചിതത്വം നിലനിൽക്കുന്നതിനിടെ കോൺഗ്രസ് രണ്ട് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്‌തു. എം.എൽ.എമാരായ വിശ്വേന്ദ്ര സിംഗിനെയും ഭൻവർ ലാൽ ശർമ്മയേയും ആണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി ഇരുവരും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പാർട്ടി നടപടി. ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കുതിരകച്ചവടം നടത്തുകയാണ് ബി.ജെ.പിയെന്നും കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗിനെതിരെ എഫ്.ഐ.ആർ ഇടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ രാത്രി എട്ട് മണിയോടെ ഹർജി പരിഗണിച്ച രാജസ്ഥാൻ ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കോൺഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് സച്ചിൻ പൈലറ്റിന്റെ വാദം. സച്ചിൻ പൈലറ്റ് ക്യാമ്പിലേക്ക് പോയ ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ട് എം.എൽ.എമാർ ഇന്ന് അശോക് ഗലോട്ടുമായി ചർച്ച നടത്തും. അതിനിടെ ഗലോട്ട് സർക്കാരിനെ സഹായിക്കാൻ ബി.ജെ.പി മുൻ മുഖ്യമന്ത്രി വസുന്ധര രാജേ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി സഖ്യ കക്ഷിയായ ആർ.എൽ.പി രംഗത്തെത്തി.