ആരാലും അറിയപ്പെടാതെ കിടക്കുന്ന പലരുടെയും ജീവിതം ടിക് ടോക്കിലൂടെ മാറിമറിഞ്ഞിട്ടുണ്ട്. ഈ ചൈനീസ് ആപ്പിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയവരുമുണ്ട്. എല്ലാം അവസാനിച്ചത് ഒറ്റനിമിഷത്തിലായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ട് ടിക് ടോക് നിരോധിച്ചപ്പോൾ ജീവിതം ശൂന്യമായി തോന്നുന്നവരുമുണ്ട്.
അത്തരത്തിൽ ടിക് ടോക്കിലൂടെ ലോകം മുഴുവൻ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് മുംബയ് സ്വദേശിയായ ഉൽഹാസ് കാമത്തെ. ടിക് ടോക്കിൽ ചിക്കൻ കാലുകൾ കഴിക്കുന്ന വ്യത്യസ്ത വീഡിയോകൾ പോസ്റ്റ് ചെയ്തതിലൂടെയാണ് ജിം ഉടമയായ ഈ നാൽപത്തിയൊന്നുകാരൻ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 'ചിക്കൻ ലെഗ് പീസ്', 'ചിക്കൻ ലെഗ് പീസ് ഗൈ' എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
മാസങ്ങൾ കൊണ്ട് അമേരിക്ക മുതൽ ദുബായ് വരെ ഏഴ് മില്യൺ ഫോളോവേഴ്സിനെയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഒരു ഡവലപ്പർ ഉൽഹാസിനെവച്ച് വീഡിയോ ഗെയിമുണ്ടാക്കി. ChickenLegPiece എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. വീഡിയോകളെല്ലാം ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
ടിക് ടോക്കിലൂടെ ഭക്ഷണത്തിന്റെ ചിത്രീകരണവും, വിവരണവും ആരംഭിച്ചതിന് ശേഷം അദ്ദേഹത്തെ തേടി വലിയ ഓഫറുകളാണ് എത്തിയത്. ഹോട്ടലുകളിൽ നിന്ന് ഓഫറുകൾ വന്നു, കോളേജുകൾ അദ്ദേഹത്തെ അതിഥിയായി ക്ഷണിച്ചു. ടിക് ടോക്ക് അദ്ദേഹവുമായി ബന്ധപ്പെടുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സിനിമാ താരത്തെ പോലെയായിരുന്നു ആളുകൾ തന്നെ കണ്ടിരുന്നതെന്ന് ഉൽഹാസ് പറയുന്നു. എന്നാൽ ടിക് ടോക്ക് നിരോധിച്ചതോടെ ഒറ്റപ്പെട്ടതുപോലെ തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.'നേരത്തെ എനിക്ക് ദശലക്ഷക്കണക്കിന് ആളുകളുമായി ഭക്ഷണം പങ്കിടാൻ കഴിയുമായിരുന്നു, പെട്ടെന്ന്, എനിക്ക് ഒറ്റക്കായതുപോലെ തോന്നുന്നു.'-ഉൽഹാസ് പറഞ്ഞു.
മറ്റ് ആപ്ലിക്കേഷനുകളിലേക്ക് മാറുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'മറ്റ് അപ്ലിക്കേഷനുകളെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ല. എന്നാൽ ടിക് ടോക്ക് വളരെ പ്രസിദ്ധമാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു കൈ പരീക്ഷിച്ചു, ആരാധകരുമായി ചാറ്റുചെയ്യാൻ ഒരു തത്സമയ സ്ട്രീമിംഗ് അപ്ലിക്കേഷൻ ഉപയോഗിച്ചു. എന്നാൽ പഴയ ഉത്സാഹം തോന്നുന്നില്ല'- ഉൽഹാസ് പറഞ്ഞു. വിദേശ ആരാധകർക്കും അദ്ദേഹത്തിന്റെ അഭാവം അനുഭവപ്പെടുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ദിനംപ്രതി ഡസൻ കണക്കിന് സന്ദേശങ്ങൾ കിട്ടുന്നുണ്ടെന്ന് ഉൽഹാസ് പറഞ്ഞു.