fish-market-covid

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിലെ മത്സ്യമാർക്കറ്റിൽ രണ്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മുതൽ നാല് വരെ 48 തൊഴിലാളികൾക്കായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്തു സ്വദേശിയായ 56 കാരനുമാണു രോഗം കണ്ടെത്തിയത്. മത്സ്യവ്യാപാരികളിൽ നിന്ന് പെട്ടികൾ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടവരാണ് ഇവർ. രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാർക്കറ്റിൽ നിന്ന് മീൻ എടുത്ത് വിൽപ്പന നടത്തുന്നവരുമായി ഇവർ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. തൊഴിലാളികൾക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ പള്ളിക്കത്തോട്ടിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.

രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇവരുടെ സമ്പർക്കപട്ടിക ഏറെ വിപുലമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് നഗരസഭ അടിയന്തരയോഗം ചേർന്ന് മാർക്കറ്റ് അടയ്ക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.