തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയാ വാർഡിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ശസ്‌ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്ന വാർഡിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് കൊവിഡ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 19ആം വാർഡിൽ ശസ്‌ത്രക്രിയ കഴിഞ്ഞ ശേഷമുളളവരെ പാർപ്പിക്കുന്നയിടത്താണ് സംഭവിച്ചത്. പനി പോലുളള രോഗ ലക്ഷണങ്ങളുണ്ടായിട്ടും തങ്ങൾ നിർബന്ധിച്ചിട്ടാണ് അധികൃതർ കൊവിഡ് പരിശോധനക്ക് തയ്യാറായതെന്ന് രോഗം സ്ഥിരീകരിച്ചവർ പറഞ്ഞു.
എന്നാൽ വാർഡിനു മുന്നിൽ നിന്നിരുന്നവർ കൂട്ടംകൂടി നിൽക്കുന്നതാണ് പ്രശ്നത്തിന് കാരണമാകുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എത്ര പറഞ്ഞിട്ടും മാറി നിൽക്കാൻ കൂട്ടിരുപ്പുകാർ തയ്യാറാകുന്നില്ല. പലപ്പോഴുംഒരു രോഗിയോടൊപ്പം നിരവധി പേർ വരുന്നതും പ്രശ്‌നമാണ്. പലയിടങ്ങളിൽ നിന്നുളള ജനങ്ങൾ കൂട്ടമായി വരുന്നതും പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. കൂട്ടിരുപ്പുകാർക്ക് നിയന്ത്രണം കൊണ്ടുവരാൻ ഇതോടെ ആലോചനയുണ്ട്.
കൊവിഡ് വ്യാപനവും പകർച്ചാവ്യാധികളും അതിതീവ്രമായ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം പത്ത് കണ്ടെയ്ൻമെന്റ് സോണുകളാണ് പുതുതായി പ്രഖ്യാപിച്ചത്. 339 പേർക്ക് രോഗം സ്ഥിരീകരിച്ചു.