തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് വ്യക്തമാക്കി സ്പീക്കർ പി. ശ്രീരാമകൃഷ‌്‌ണൻ. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോൾ അതൊരു വീഴ്ചയാണെന്നുമാണ് ശ്രീരാമകൃഷ്‌ണന്റെ ഏറ്റുപറച്ചിൽ. പരിപാടികളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് തനിക്ക് ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ട അവസരത്തിൽ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തിൽ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നാണ് സ്‌പീക്കർ പറയുന്നത്.
ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. സ്വപ്‌നയുടെ തോളിൽ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുന്നവരുടെ മനസിന്റെ വൈകൃതമാണെന്നും അതിൽ തെറ്റ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്ത് വാർത്തകൾ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ അവരെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒരു സഹായവും അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദീപ് നായരല്ല കട ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത്. സ്വപ്‌നയും സുഹൃത്തുക്കളും ചേർന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയിൽ പോകാറില്ലെങ്കിലും സംരംഭകന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തിൽ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയില്ലെന്നും ശ്രീരാമകൃഷ്‌ണൻ പറയുന്നു.
സ്വപ്‌നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വർഷമായി അവരായിരുന്നു യു.എ.ഇ കോൺസുലേറ്റിന്റെ മുഖമായി കേരള സർക്കാരിന് മുന്നിലെത്തിയിരുന്നത്. സർക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങൾ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പരിപാടികൾക്ക് പോകാവൂ എന്ന പാഠം ഇപ്പോൾ മനസിലാക്കുന്നുവെന്നും സ്‌പീക്കർ പറഞ്ഞു.