മമ്മൂട്ടി -മഞ്ജു വാര്യർ ചിത്രം
ദി പ്രീസീറ്റിൽ എത്തി
നിൽക്കുന്നതാണ്
നിഖില വിമലിന്റെ കരിയർ
ഓരോ വരവിലും കൂടുതൽ കൂടുതൽ സുന്ദരിയാകുന്ന നായികയാണ് നിഖില വിമൽ. അരങ്ങേറ്റ ചിത്രമായ ഭാഗ്യദേവത, ആദ്യം നായികയായ ലവ് 24x7, പിന്നീട് അരവിന്ദന്റെ അതിഥികൾ. മേരാനാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ അഞ്ചാം പാതിര തുടങ്ങിയ സിനിമകൾ. ചെറിയ ഇടവേളക്കുശേഷം തമിഴിൽ. തമ്പി എന്ന കാർത്തി ചിത്രമായിരുന്നു അത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ദ പ്രീസ്റ്രാണ് നിഖിലയുടെ പുതിയ ചിത്രം.അതിന്റെ ആഹ്ളാദത്തിലാണ് താരം.
അരവിന്ദൻ തന്ന ഭാഗ്യം
അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് അരവിന്ദന്റെ അതിഥികളിലെ വേഷം. കഥ കേട്ടപ്പോൾ തന്നെ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. പക്ഷേ, ഇത്ര വലിയൊരു വിജയമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കുറച്ചുകാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവന്നപ്പോൾ ആഗ്രഹിച്ചിരുന്ന തരത്തിലൊരു കഥാപാത്രത്തെ കിട്ടി. അതും നല്ലൊരു ടീമിന്റെ ഒപ്പം. ഈ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആകർഷിച്ചത്. എന്തായാലും വരദയെ എല്ലാവർക്കും ഇഷ്ടമായെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
ഞാൻ പ്രകാശൻ
അരവിന്ദന്റെ അതിഥികൾക്ക് ശേഷവും പഴയതു പോലെ തമിഴിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നാണ് കരുതിയത്. പക്ഷേ, നല്ല ചില ഓഫറുകൾ എന്നെത്തേടി എത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ സർ സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശൻ. ഫഹദിന്റെ ഒപ്പം ഇതുവരെ ഒരു ദിവസമേ അഭിനയിച്ചിട്ടുള്ളൂ. ബാക്കി സീനുകൾക്കായി കാത്തിരിക്കുകയാണ്. സത്യൻ സാറിന്റെ ഭാഗ്യദേവതയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പിന്നീട് അഭിനയിച്ച രണ്ട് സിനിമകളുടെയും സംവിധായകർ, ശ്രീബാല ചേച്ചിയും മോഹനേട്ടനും സത്യൻ സാറിന്റെ സഹസംവിധായകരായിരുന്നു എന്നത് യാദൃച്ഛികമായി സംഭവിച്ചതാണ്. നിന്നെ നായികയാക്കി സിനിമ എടുക്കുന്നത് അദ്ഭുതമായി തോന്നുന്നുവെന്ന് സത്യൻ സാർ ഇടയ്ക്ക് തമാശ പറയാറുണ്ട്.
സമയത്തിൽ കാര്യം
സിനിമയിൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ ഭാഗ്യം ആവശ്യമാണ്. എങ്കിലും ഭാഗ്യത്തെ ക്കാൾ പ്രാധാന്യം സമയത്തിനാണെന്ന് തോന്നുന്നു. ഒരാളുടെ സമയം നന്നായാൽ എല്ലാം നന്നാകും. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് അവിടെ എത്തിച്ചേർന്ന ഒരാളല്ല ഞാൻ. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ സിനിമ എന്നെ തേടി വന്നതാണ്. പിന്നെ തമിഴിൽ രണ്ട് സിനിമകൾ ചെയ്തു . രണ്ടും റിലീസായില്ല. അതുകഴിഞ്ഞ് മലയാളത്തിൽ നായികയായി. വീണ്ടും തമിഴിൽ പോയി ശശികുമാർ സാറിന്റെ വെട്രിവേൽ, കിടാരി എന്നീ സിനിമകളിൽ അഭിനയിച്ചു. വടക്കൻ സെൽഫിയുടെ റീമേക്കിൽ അഭിനയിച്ച് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം തമിഴിൽ ഗായത്രി, ഒൻപത് കുഴി സമ്പത്ത്, രംഗ,തമ്പി എന്നീ സിനിമകൾ ചെയ്തു.
അമ്മ തന്ന കലാഹൃദയം
കണ്ണൂരാണ് എന്റെ നാട്. അച്ഛൻ പവിത്രൻ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ചു. അമ്മ കലാമണ്ഡലം വിമലാദേവി. ചേച്ചി അഖില ഡൽഹി യൂണിവേഴ് സിറ്റിയിൽ തിയേറ്റർ ആർട്സിൽ റിസർച്ച് ചെയ്യുന്നു. ഞാൻ ചെറുപ്പം മുതലേ നൃത്തം പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അമ്മയുടെ അടുത്ത് പഠിക്കുമ്പോൾ മടി കൂടുന്നതുകാരണം വിവിധ അദ്ധ്യാപകരിൽ നിന്നാണ് നൃത്തം പഠിച്ചത്. സ്കൂളിൽ മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചുപ്പുടി, മോണോ ആക്ട്, മിമിക്രി തുടങ്ങി എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. തമിഴിലും തെലുങ്കിലും തിരക്കായപ്പോൾ നൃത്തത്തിന്റെ പ്രാക്ടീസൊക്കെ കുറഞ്ഞു.
കണ്ണൂരിനോട് പ്രേമം
ഷൂട്ടിംഗ് കഴിഞ്ഞാലുടൻ നാട്ടിലേക്ക് ഓടുന്നതാണ് ശീലം. പൊതുപരിപാടികളിലും സിനിമാക്കാർ പങ്കെടുക്കുന്ന ചടങ്ങുകളിലുമൊന്നും പോകാറില്ല. അത് കാരണമായിരിക്കാം പലരും എന്നെ മറന്നുപോയത്. കൊച്ചിയിൽ താമസമാക്കാത്തത് എന്താണെന്ന് ചോദിക്കുന്നവരുണ്ട്. എന്തിന് വേണ്ടിയാണെങ്കിലും കണ്ണൂർ വിട്ടുപോകാൻ എനിക്കിഷ്ടമില്ല. ആറാം ക്ളാസുമുതൽ പത്താം ക്ളാസുവരെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ആ സമയത്ത് ചേച്ചിയുടെ കണ്ണിന് ഒരു പ്രശ്നമുണ്ടായി. അതിന്റെ ചികിത്സയ്ക്കായി അച്ഛനും അമ്മയ്ക്കും കുറേ യാത്ര ചെയ്യേണ്ടി വന്നു. എന്നെ കൂടെ കൊണ്ടുപോകാനും വീട്ടിൽ ഒറ്റയ്ക്ക് നിറുത്താനും പറ്റില്ല. അങ്ങനെ ഭരണങ്ങാനത്ത് അൽഫോൺസാമ്മയുടെ സ്കൂളായ സേക്രഡ് ഹാർട്ടിലാണ് താമസിച്ച് പഠിച്ചത്. അവിടെ വച്ച് സീരിയലിൽ അൽഫോൺസാമ്മയുടെ വേഷം ചെയ്യാൻ അവസരം ലഭിച്ചു. അത് സിനിമയിലേക്കും വഴി തുറന്നു. എല്ലാം ദൈവനിശ്ചയമായിരിക്കാം. ചെറുപ്പത്തിൽ വീടുവിട്ട് നിന്നതുകൊണ്ടാവാം ഇപ്പോൾ വീട്ടിൽ തന്നെ നിൽക്കുന്നതാണ് ഏറ്റവും ഇഷ്ടം.
അഭിനയം പഠിപ്പിച്ച തമിഴ്
ലവ് 24x7 ചെയ്തു കഴിഞ്ഞാണ് ഞാൻ സിനിമയെ സീരിയസായി കണ്ടു തുടങ്ങിയത്. ആ സമയത്താണ് ശശികുമാർ സാറിന്റെ തമിഴ് സിനിമകളിൽ അഭിനയിച്ചത്. സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും കൂടുതലായി പഠിച്ചത് അവിടെ നിന്നാണ്. എത്ര ടേക്ക് പോയാലും അവർക്ക് പ്രശ്നമല്ല. പക്ഷേ, പെർഫെക്ഷൻ വളരെ പ്രധാനമാണ്. കണ്ണു ചിമ്മുന്നതിന്റെ എണ്ണം വരെ നോക്കും. ഓരോ സിനിമയിലും കരയുന്ന രീതി പോലും വ്യത്യസ്തമായിരിക്കും. ആ അനുഭവങ്ങൾ ഏത് ഭാഷയിൽ അഭിനയിച്ചാലും നമുക്ക് ഉപയോഗപ്പെടുന്നവയാണ്.