നടൻ ജോണി ആന്റണിയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് സുരേഷ് ഗോപി നൽകിയ അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ലവ് യൂ ഡോക്ടർ ജോണീ' എന്നെഴുതിയ ഒരു കേക്കാണ് സർപ്രൈസായി സുരേഷ് ഗോപി നടന്റെ വീട്ടിലേക്ക് അയച്ചിരിക്കുന്നത്.
ജോണി ആന്റണി തന്നെയാണ് കേക്കിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തുവച്ച് സുരേഷ് ഗോപിയെ കണ്ടിരുന്നെന്നും, സംസാരത്തിനിടയിൽ നാളെ പിറന്നാളാണെന്ന് താൻ സുരേഷേട്ടനോട് പറഞ്ഞിരുന്നെന്നും ജോണി പറയുന്നു. കുടുംബത്തോടൊപ്പമാണ് കേക്ക് മുറിച്ചതെന്നും താരം വ്യക്തമാക്കി.
അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ മേജറിന്റെയും ഡോക്ടറുടെയും റോളുകളിലായിരുന്നു സുരേഷ് ഗോപിയും ജോണി ആന്റണിയും പ്രത്യക്ഷപ്പെട്ടത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.