amit-pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ തന്നെയാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. മുഖ്യമന്ത്രിയുടെ പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറിക്ക് കള്ളക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ബന്ധമുണ്ട്. കേസിലെ മുഖ്യ ആസൂത്രക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഐ.ടി വകുപ്പിന് കീഴിലാണ് ജോലി ചെയ്‌തിരുന്നത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീയെയാണ് ഒന്നര ലക്ഷത്തോളം ശമ്പളം നൽകി 1986 കോടി ചെലവ് വരുന്ന കെ- ഫോൺ പദ്ധതിയുടെ തലപ്പത്ത് സർക്കാർ നിയമിച്ചത്. കള്ളക്കടത്ത് കേസിലെ പ്രതിയെ വഴിവിട്ട് പ്രിൻസിപ്പൽ സെക്രട്ടറി സഹായിച്ചത് കൊണ്ട് മാത്രമാണ് അവർക്ക് ഇത്രയും ഉന്നതസ്ഥാനത്ത് എത്താൻ സാധിച്ചത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്‌പേസ് പാർക്കിന്റെ തലപ്പത്തും ഇവരാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വർണക്കടത്ത് വിവാദം ഇഴചേർന്ന് കിടക്കുന്നുവെന്ന് വ്യക്തമാക്കുകയാണ്. പി.കെ കൃഷ്‌ണദാസ് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ഓഫീസിലെ നിത്യ സന്ദർശക

സ്വർണക്കടത്ത് വഴി കിട്ടുന്ന പണമാണ് രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര സ്വർണക്കടത്തിന്റെ മാത്രമല്ല ആഗോള ഭീകരവാദത്തിന്റേയും കണ്ണിയാണ്. എൻ.ഐ.എ ചുമത്തിയ കേസിൽ രാജ്യദ്രോഹമുണ്ടെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യു.എ.പി.എ ചുമത്തിയ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകയായിരുന്നു. അവർക്ക് ഈ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിച്ചതും ഉന്നതങ്ങളിൽ എത്താൻ കഴിഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കൊണ്ടുമാത്രമാണ്.

ഭരണ-പ്രതിപക്ഷ ബന്ധം

കിട്ടിയ വിവരം അനുസരിച്ചാണ് പാർട്ടി നേതാവ് ഗോപാലകൃഷ്‌ണൻ കോൺഗ്രസിലെ കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. അത് വെറുമൊരു ആരോപണമല്ല. അതേപ്പറ്റി അന്വേഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തേണ്ടത് അന്വേഷണത്തിലൂടെയാണ്. കേരളത്തിൽ മാത്രമാണ് തീവ്രവാദ സംഘടനകൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും സഹായം ഒരുപോലെ ലഭിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ സ്വർണക്കടത്ത് മാത്രമല്ല, കേരളത്തിലെ എല്ലാ സ്വർണക്കടത്ത് കേസുകളും തീവ്രവാദ പ്രവർത്തനങ്ങളും ഈ അന്വേഷണത്തിലൂടെ കണ്ടെത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെയല്ലാം രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥ ബന്ധങ്ങളും അന്വേഷിക്കണം.

കെ-ഫോൺ വലിയ കുംഭകോണം

എല്ലാ ഉഡായിപ്പ് പദ്ധതികളിലൂടെയും പണം കൗശലപൂർവ്വം കണ്ടെത്താനുള്ള ശ്രമങ്ങളാണ് മാർക്സിസ്റ്റ് പാർട്ടിയും സംസ്ഥാന സർക്കാരും നടത്തുന്നത്. സ്പ്രിൻക്ലർ തൊട്ട് ഇങ്ങോട്ടുള്ള എല്ലാ പദ്ധതികളും പണം കണ്ടെത്താൻ വേണ്ടിയുള്ള തരികിടകളായിരുന്നു.

കെ-ഫോൺ പദ്ധതി സ്വപ്നയെ ഉപയോഗിച്ച് സർക്കാർ നടത്താൻ ഉദ്ദേശിച്ച വലിയ കുംഭകോണമാണ്. ആ പദ്ധതിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ഒരേ ഒരാൾ സ്വ‌പ്ന മാത്രമാണ്. കേരളത്തിലും ഇന്ത്യയിൽ നിന്നുമായി ഈ പദ്ധതിക്ക് വേണ്ട ആവശ്യമുള്ള കാര്യങ്ങൾ വാങ്ങിക്കാം. എന്നാൽ, അവിടെ നിന്നൊന്നും വാങ്ങിക്കാതെ ദക്ഷിണ കൊറിയയിൽ നിന്നാണ് സർക്കാർ പർച്ചേസിംഗിന് ഒരുങ്ങിയത്. അതിനു വേണ്ടിയുള്ള രൂപരേഖ തയാറാക്കിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ്. ബി.എസ്.എൻ.എൽ ഇതിനെക്കാൾ കുറഞ്ഞ ചെലവിൽ നടത്താമെന്ന് പറഞ്ഞിട്ട് പോലും സർക്കാർ അവർക്ക് കൊടുത്തില്ല. ബംഗളൂരുവിലെ ഒരു കമ്പനിയെ ഇടനിലയ്ക്ക് നിറുത്തിയാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള പർച്ചേസിംഗിന് തുടക്കമിടാൻ ശ്രമിച്ചത്. ആ കമ്പനി ഏതാന്നൊക്കെ പിന്നെ പറയാം.

അഖിലേന്ത്യാ അദ്ധ്യക്ഷൻ വിശകലനം ചെയ്യുന്നുണ്ട്

സംസ്ഥാനത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അപ്പോൾ തന്നെ ബി.ജെ.പി ദേശീയ നേതൃത്വത്തെ ഞങ്ങൾ അറിയിക്കുന്നുണ്ട്. അഖിലേന്ത്യാ അദ്ധ്യക്ഷൻ വളരെ നല്ല രീതിയിൽ ഇക്കാര്യം വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എൻ.ഐ.എയുടെ വരവ്. കുറ്റം ചെയ്ത എല്ലാവരും സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും. മുഖ്യമന്ത്രിയാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഈ പ്രയോഗം നടത്തിയത്. എന്നിട്ടും ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും മാന്യമായി നടക്കുന്നുണ്ട്. പക്ഷേ, ഈ കേസിന്റെ അവസാനം അങ്ങനെയായിരിക്കില്ല.

സൈന്യവും ഞങ്ങളും ചെയ്യുന്നത് ഒരേ കാര്യം

പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള ശ്രമം നടത്തി. അപ്പോൾ ഇന്ത്യൻ സൈന്യം കൊവിഡ് ആയതുകൊണ്ട് തിരിച്ചുപോകാനൊന്നും ശ്രമിച്ചില്ല. പകരം അവരോട് ഏറ്റുമുട്ടുകയാണ് ചെയ്‌തത്. കാരണം അത് ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. അതുപോലെ തന്നെ സ്വർണക്കടത്ത് കേസും രാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. ഇന്ത്യൻ സൈന്യം അതിർത്തിയിൽ ചെയ്‌തതിന് തുല്യമാണ് ഞങ്ങൾ ഇവിടെ ചെയ്യുന്ന സമരവും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി ഭരണഘടന പാലിക്കാൻ തയ്യാറാകണം. അദ്ദേഹം ഭരണഘടന ലംഘിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭരണഘടന ലംഘിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കേണ്ടി വന്നത്. മുഖ്യമന്ത്രി രാജിവച്ചാൽ ഈ പ്രശ്‌നങ്ങൾ തീരും.