entrance-exam

സംസ്ഥാനത്ത് ഇന്നലെയുണ്ടായ കൊവിഡ് കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തായിരുന്നു. ഇവിടെ കടലോര പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. തിരുവനന്തപുരത്തെ കൊവിഡ് കേസുകളില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെയും, ഉറവിടം അറിയാതെയുമുള്ളതാണ് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന എന്‍ട്രന്‍സ് പരീക്ഷയുടെ ചില ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്‍ട്രന്‍സ് ഹാളിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ കൃത്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയപ്പോള്‍ ഇതൊന്നും ബാധകമായിരുന്നില്ല. തലസ്ഥാനത്തെ പൂന്തുറയില്‍ സായുധ സേനയെ കൊണ്ട് റൂട്ട് മാര്‍ച്ച് വരെ സംഘടിപ്പിച്ച ഭരണകൂടത്തിന് പരീക്ഷ കഴിഞ്ഞ് കൂട്ടമായി സാമൂഹിക അകലം മറന്ന് എത്തിയ വിദ്യാര്‍ത്ഥികളെ 'നേര്‍വഴി' നടത്താന്‍ കുറച്ച് വോളന്റിയര്‍മാരെയെങ്കിലും നിര്‍ത്താമായിരുന്നു എന്നാണ് പ്രധാന വിമര്‍ശനം.

തിരുവനന്തപുരം നഗരത്തിലെ പട്ടത്തുള്ള സെന്ററില്‍ നിന്നും പരീക്ഷയെഴുതി കൂട്ടമായെത്തുന്ന വിദ്യാര്‍ത്ഥികളുടെയും, ആ സമയം നഗരത്തിലുണ്ടായ ട്രാഫിക് ബ്‌ളോക്കിന്റെയും ചിത്രങ്ങള്‍ കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ മനു മംഗലശ്ശേരി പകര്‍ത്തിയത് സമൂഹ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയാണ്. പരീക്ഷ നടത്തിപ്പിലെ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടുവാനും, നാളത്തെ ഡോക്ടര്‍മാരായി മാറാനുള്ള വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പൊതു ബോധത്തെ പരിഹസിച്ചും നിരവധി പേര്‍ ഈ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

ഈ സംഭവത്തെകുറിച്ച് ഡോക്ടര്‍ നെള്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം :


തിരുവനന്തപുരം കേശവദാസപുരത്തുനിന്ന് ഫോട്ടോഗ്രാഫര്‍ മനു മംഗലശേരിയുടെ ക്ലിക്കാണ്.

ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ല. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതാത്ത സ്ഥലം.

തിരുവനന്തപുരത്തല്ല , എറണാകുളത്തും കാസര്‍ഗോഡുമായാലും ഇത് പ്രശ്‌നം തന്നെയാണെന്ന് മനസിലാക്കണം

രാഷ്ട്രീയമോ പ്രദേശമോ വിഭാഗമോ അനുസരിച്ച് കുറ്റം ആരോപിച്ചാല്‍ പിടിയില്‍ നില്‍ക്കുന്ന ഒന്നല്ല, എല്ലാവരും മുന്‍ കരുതലെടുത്താലേ രക്ഷയുള്ളൂ എന്ന് കാണാന്‍ ലോകത്ത് പല ഉദാഹരണങ്ങളുണ്ടായിരുന്നു

കുറ്റക്കാരെ കണ്ടുപിടിക്കുന്നവര്‍ പലപ്പൊഴും ചെയ്യുന്നത് അങ്ങനെയാണു രോഗം പകരുന്നതെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും ഒരു മിഥ്യാബോധമുണ്ടാക്കുക കൂടിയാണ്.

അതോടൊപ്പം രോഗത്തിനെക്കുറിച്ച് ഉണ്ടാവുന്ന സ്റ്റിഗ്മ വേറെ. സ്റ്റിഗ്മയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെ

അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്ന് പറഞ്ഞാല്‍ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്ന് തന്നെയാണ്.

ആശുപത്രിയില്‍ താരനും മുടികൊഴിച്ചിലിനും മരുന്ന് വാങ്ങാന്‍ പോവുന്നത് ഒരു അത്യാവശ്യമല്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടേ.

ഇപ്പൊഴല്ല, കൊവിഡ് പണ്ടും ആരില്‍ നിന്നും പകരാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. എപ്പൊഴുമുണ്ട്