chenni

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യശസ്സിന് കളങ്കം വന്ന സംഭവമാണ് സ്വർണകടത്ത് കേസിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സെക്രട്ടറിക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയാണ്. അതിനാൽ മുഖ്യമന്ത്രിസ്ഥാനം പിണറായി വിജയൻ ഉടൻ രാജിവയ്ക്കണം.' ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും അനധികൃത പ്രവർത്തനത്തിനും നേതൃത്വം നൽകുന്ന കേന്ദ്രമാകുന്നു എന്നത് ജനാധിപത്യ ഭരണക്രമത്തിന് തന്നെ അപമാനമാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുക വഴി അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിലെത്തിയിരിക്കുകയാണ്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളെ മാറ്റിനിർത്തുന്നതിലൂടെ എല്ലാം കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രിയും മാർക്‌സിസിറ്റ് പാർ‌ട്ടിയും പറയുന്നത്, ഇത് അംഗീകരിക്കില്ല. കേസിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസ് ആരംഭിച്ച് പന്ത്രണ്ട് ദിവസത്തോളം ശിവശങ്കരനെതിരെ തെളിവെവിടെ എന്നാണ് മുഖ്യമന്ത്രി ചോദിച്ചിരുന്നത്. തെളിവുണ്ടെങ്കിൽ സംരക്ഷിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും തെളിവുമായി വന്നപ്പോഴാണ് ശിവശങ്കരനെ സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയുമടങ്ങുന്ന സമിതി കേസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഈ അന്വേഷണം ഫലപ്രദമല്ല. പഴയ സഹപ്രവർത്തകനെതിരെ അവർ അന്വേഷിച്ചിട്ട് കാര്യമെന്താണ്? അതിനാൽ സിബിഐ അന്വേഷണം തന്നെ വേണം. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഐ.ടി വകുപ്പ് മാഫിയ സംഘമാണ്. മുഖ്യമന്ത്രിക്ക് വകുപ്പ് സ്വർണഖനി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോ ആയിരുന്നയാൾക്ക് സ്വർണകടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ട്. സിപിഎം ഇപ്പോൾ മുഖ്യമന്ത്രിയുടെ ചൊൽപ്പടിക്കാണ് നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേർന്ന് മുഖ്യമന്ത്രിക്ക് പരിപൂർണ പിൻതുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.