എം.ടി. വാസുദേവൻ നായരുടെ 'ശാന്തി പർവ്വം', താൻ മുൻപു സഞ്ചരിച്ച എല്ലാ സ്ഥലങ്ങളിലേയ്ക്കും ഒരിക്കൽ കൂടി സഞ്ചരിയ്ക്കാനാഗ്രഹിക്കുന്ന ഒരു വൃദ്ധന്റെ കഥ പറയുന്നു. സഞ്ചരിച്ച സ്ഥലങ്ങളിലൂടെ വീണ്ടും മനോസഞ്ചാരം നടത്തുക എനിയ്ക്കും പ്രിയമാണ്.
കന്യാകുമാരിയിലേയ്ക്ക് ഞാനാദ്യം നടത്തിയിട്ടുള്ളത് സ്വപ്ന സഞ്ചാരമാണ്. നിത്യകന്യകയായ ദേവിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന മുനമ്പ്. കന്യാകുമാരിയിലെ പലനിറങ്ങളുള്ള മണ്ണ്, ശംഖുമാല, കന്യാകുമാരി പെൻസിൽ ഇവയൊക്കെ അവിടെ പോയി വരുന്ന ബന്ധുക്കളോ കൂട്ടുകാരോ സമ്മാനിക്കുമ്പോൾ മൂന്നു സമുദ്രങ്ങൾ ഒരുമിയ്ക്കുന്ന ആ മുനമ്പ് ഞാൻ മനസ്സിൽ വരയ്ക്കുമായിരുന്നു. ഇന്ത്യയുടെ ഭൂപടത്തിൽ നമ്മുടെ രാജ്യത്തിന്റെ തെക്കേ അറ്റം. എന്റെ കൊച്ചു മനസ്സിൽ സങ്കൽപ്പിക്കാവുന്ന ഏറ്റവും വലിയ ഒരു ഭൂപടം വരച്ച് അതിന്റെ അറ്റത്തു ഞാൻ നിൽക്കുന്നതായി സങ്കൽപ്പിക്കും. അവിടെ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണും. കന്യാകുമാരിയിൽ പോയ കൂട്ടുകാരി ലളിത ക്ലാസ്സിൽ പറഞ്ഞ നിറം പിടിപ്പിച്ച കഥയിലെ ഓരോ ഏടും എന്റെ സ്വപ്നത്തിൽ മഴവില്ലായി വിരിയും. പല നിറമുള്ള മണ്ണ്... ആ മണ്ണിൽ കാൽ ചിക്കിയോടിക്കളിക്കുക! എത്രയോ വർഷങ്ങൾക്കു ശേഷം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നു വിനോദയാത്ര പോകുമ്പോൾ കന്യാകുമാരിയിൽ ഞാനാദ്യം തിരഞ്ഞത് പല നിറമുള്ള ആ മണ്ണാണ്. സങ്കൽപ്പത്തിലുള്ള മണൽത്തിട്ട കണ്ടില്ല. അതിലുമൊക്കെ വലിയ വേദനയായി മനസ്സിലുടക്കിയത് മണ്ണും ശംഖുമാലയും വിൽക്കുന്ന പെൺകുട്ടിയുടെ ചെമ്പിച്ച മുടിയും നിറം മങ്ങിയ ജീവിതവുമാണ്.
'എന്ന പേര്?' പെൺകുട്ടിയോട് ഞാൻ ആരാഞ്ഞു. 'മല്ലി' മഞ്ഞപ്പല്ലു കാട്ടി അവൾ ഭംഗിയുള്ള ചിരി വിടർത്തി. 'സ്‌കൂളില്ലേ ഇന്ന്?' അവൾ സ്‌കൂളേ കണ്ടിട്ടില്ലെന്നു പറയുമ്പോൾ ആ കയ്യിൽ തൂങ്ങിയിരുന്ന ശംഖുമാലകൾ വാങ്ങാനുള്ള എന്റെ ഉത്സാഹം ഓടിയൊളിച്ചു. കയ്യിൽ തൂങ്ങുന്ന രണ്ട് കുഞ്ഞുങ്ങളുടെ കൂടി വയറു കഴിയാൻ എന്തെങ്കിലും തരില്ലേ എന്നവൾ ചോദിയ്ക്കുമ്പോൾ ഞാനും കൂട്ടുകാരി മോളിയും പരമാവധി മാലകൾ വാങ്ങി. മല്ലിയുടെ മുഖം അമ്പിളി പോലെ തിളങ്ങി. അവൾ ഉത്സാഹത്തോടെ ഓടിയകന്നു. സ്‌കൂളിൽ പോകാനാകാത്ത കുട്ടികൾ അന്നും ഇന്നും മനസ്സിലെ മുള്ളാണ്.
പിന്നീടു കോളേജിൽ പഠിക്കുമ്പോൾ പഠനയാത്രയ്ക്ക് കന്യാകുമാരിയിലെത്തി. മറഞ്ഞു പോയ പല നിറമുള്ള മൺതിട്ടകളെക്കുറിച്ചുള്ള പരിസ്ഥിതി ബോധം തെളിഞ്ഞു. അസ്തമയ പ്രഭയിൽ ഉള്ളിൽ കവിത വിരിഞ്ഞു. വിവേകാനന്ദപ്പാറയിലെത്തുമ്പോൾ നിന്റെ ചിന്തകളാണു നിന്നെ തീർക്കുന്നത്... ഉത്തിഷ്ഠത, ജാഗ്രത നിന്റെ ലക്ഷ്യം കാണുവോളം നീ പരിശ്രമം വെടിയരുത്. എന്ന വിവേകാനന്ദ ചിന്ത മനസ്സിൽ. കേരളത്തെ ഭ്രാന്താലയമെന്നു വിവേകാനന്ദൻ വിശേഷിപ്പിക്കാനുണ്ടായ കാരണങ്ങളിൽ മനസ്സോടി. കൂട്ടുകാർക്കൊപ്പം പൊട്ടിച്ചിരിയ്ക്കുമ്പോഴും വിവേകാനന്ദപ്പാറയിലെ ഏകാന്തതയിൽ അഭിരമിയ്ക്കുമ്പോഴും ഉള്ളം ഒരു പോലെ സന്തോഷിച്ചു.
അടുത്ത യാത്ര ഓടിക്കളിക്കുന്ന കുരുന്നു കുസൃതിയായ മകളോടും ഭർത്താവിനോടുമൊപ്പം. അന്നു മോളെ വിശാലലോകക്കാഴ്ചകളിലേയ്ക്കു കൈ പിടിച്ചു നടത്തുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. ആ യാത്രയിൽ ഞങ്ങൾ മൂന്നു പേർ മാത്രം.തിരുവനന്തപുരത്തു നിന്നു കാറിൽ യാത്ര. മരുത്വാമല കണ്ടപ്പോൾ അതു നടന്നു കയറാൻ മോഹം. കാർ മലയടിവാരത്തിൽ നിറുത്തി. ഞങ്ങൾ മലകയറി... ഉത്സാഹത്തോടെ മോൾ ഞങ്ങൾക്കും മുൻപേ... അപൂർവ്വ പച്ചമരുന്നുകളുടെ വൻ ശേഖരമാണത്രേ ഈ മല. ഹനുമാൻ ഹിമാലയത്തിൽ നിന്ന് മൃതസഞ്ചീവനിയുള്ള പർവ്വതവുമായി ലങ്കയിലേയ്ക്കു പറക്കുമ്പോൾ അടർന്നു വീണുണ്ടായതാണത്രേ മരുത്വാമല. രാമായണത്തിലെ യുദ്ധകാണ്ഡം മോൾക്കു കഥയായി പറഞ്ഞു കൊടുത്തു.
മുകളിലെത്തിയതറിഞ്ഞില്ല. ശ്രീനാരായണ ഗുരു തപസ്സു ചെയ്ത ഗുഹയ്ക്കുള്ളിൽ കയറിയിരുന്ന് ധ്യാനനിരതയാകുമ്പോൾ വിവേകാനന്ദസ്വാമി പറഞ്ഞ ഭ്രാന്താലയത്തെ സാമൂഹ്യ സമത്വത്തിന്റെ പാതയിലേയ്ക്കു കൈപിടിച്ച ആ മഹാഗുരുവിന്റെ അനുഗ്രഹം കാറ്റായി തഴുകുന്നതറിഞ്ഞു. മരുത്വാമലയുടെ മുകളിൽ കയറി നിന്ന് മൂന്നു സമുദ്രങ്ങളുടെ സംഗമക്കാഴ്ച... എത്ര മനോഹരം!
തുള്ളിയ്‌ക്കൊരുകുടം കോരിച്ചൊരിയുന്ന മഴയിൽ ആ യാത്രയിലെ മടങ്ങി വരവ്... പെയ്ത്തു വെള്ളത്തിൽ ഏതാണ്ടു മുങ്ങി ഞങ്ങളുടെ കൊച്ചു മാരുതിക്കാറിൽ വെള്ളം നിറയുമ്പോൾ മോളുടെ അപകടമറിയാതെയുള്ള കലപിലച്ചിരിയിൽ മുങ്ങി പാതിരാത്രിയിൽ ഭർത്താവ് ഭയം പുറത്തു കാണിക്കാതെ കാറോടിച്ചു... ഏറെ വൈകി ഒരപകടവും കൂടാതെ വീട്ടിലെത്തുമ്പോൾ ഞങ്ങൾ തീരുമാനിച്ചു... മേലിൽ ഇത്തരം രാത്രിയാത്രകൾ ഒഴിവാക്കണം.
അടുത്തിടെ കന്യാകുമാരിയിൽ പോകുമ്പോൾ തിരുക്കുറലിന്റെ കർത്താവായ തമിഴ് ദേശത്തിന്റെ പ്ലേറ്റോ ആയി അറിയപ്പെടുന്ന തിരുവള്ളുവരുടെ പ്രതിമ തലയുയർത്തി നിൽക്കുന്നു. പ്രദേശത്തെ കാണിക്കർ എന്ന ആദിവാസി വിഭാഗം അദ്ദേഹത്തെ ആരാധിച്ചിരുന്നു. അവർ നൽകുന്ന തേനും തിനയും അദ്ദേഹത്തിനു ജീവനായിരുന്നുവത്രേ. മതാതീത ആത്മീയതയുടെയും ജാതിവ്യവസ്ഥയ്‌ക്കെതിരായ വാക്കുകളുടേയും കലവറയായ അദ്ദേഹത്തിന്റെ കാവ്യമുത്തുകൾ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും സ്പർശിച്ചു. തിരുവള്ളുവർ പ്രതിമ കന്യാകുമാരിയ്ക്കു കൂടുതൽ ധന്യതയേകുന്നു.