ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചെന്ന കോൺഗ്രസിന്റെ പരാതിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ രാജസ്ഥാൻ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാർട്ടി പുറത്താക്കിയ വിമത കോൺഗ്രസ് എം എൽ എ ഭൻവർലാൽ ശർമയ്ക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി ഭൻവർലാൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു. അട്ടിമറിക്ക് ഒത്താശചെയ്തു എന്നാരാേപിച്ച് പാർട്ടി പുറത്താക്കിയ മറ്റൊരു എം എൽ എയായ വിശ്വേന്ദ്ര സിംഗ് കേന്ദ്രമന്ത്രിയുമായി സംസാരിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. ഇത് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും പാർട്ടി പുറത്താക്കിയത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കുതിരകച്ചവടം നടത്തുകയാണ് ബി ജെ പിയെന്നും കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർചെയ്യണമെന്നും നേരത്തേ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പമുളള എം എൽ എമാരെ അയോഗ്യരാക്കാനുളള നീക്കത്തിനെതിരെ സച്ചിൻ പൈലറ്റ് ഹൈക്കാേടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം എം എൽ എമാരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് സച്ചിനൊപ്പമുളള മൂന്ന് എം എൽ എ മാരുടെ കുടുംബങ്ങൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.