arun-

തിരുവനന്തപുരം : സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത സ്വപ്‌നസുരേഷുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ ഐ ടി ഫെലോയ്ക്ക് പ്രവാസികള്‍ക്കായുള്ള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയില്‍ നിയമനം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഡ്രീം കേരള പദ്ധതിയിലാണ് എക്‌സിക്യൂഷന്‍ കമ്മറ്റി അംഗമായി അരുണിനെ നിയമിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ താത്പര്യ പ്രകാരമാണ് ഈ നിയമനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐഎഎസ് ഉദ്യോഗസ്ഥരുംനോര്‍ക്ക സി ഇ ഒയും അടങ്ങുന്ന കമ്മിറ്റിയിലാണ് അരുണ്‍ ബാലചന്ദ്രനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് തലസ്ഥാനത്ത് ഹോട്ടലില്‍ മുറിയെടുത്ത് കൊടുത്തത് അരുണ്‍ ഇടപെട്ടാണെന്ന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ സ്ഥാനത്ത് നിന്നും അരുണിനെ മാറ്റിയിരുന്നു.

അരുണ്‍ ബാലചന്ദ്രന്‍ പ്രവര്‍ത്തനങ്ങളില്‍ സംശയമുന്നയിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പാടേ അവഗണിച്ചാണ് ഇയാള്‍ക്ക് നിയമനം നല്‍കിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നിട്ടും ഇതെല്ലാം സര്‍ക്കാര്‍ അവഗണിച്ചത് അരുണ്‍ ബാലചന്ദ്രന്റെ സ്വാധീനത്തിന് തെളിവായി കണക്കാക്കുന്നു.


അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തുകൊടുത്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് പൊലീസ്, സിനിമാ, രാഷ്ട്രീയ, നയതന്ത്ര ഉന്നതരുമായി അടുത്ത ബന്ധമുള്ളതായും ആരോപണമുണ്ട്. സംസ്ഥാനത്തെ പൊലീസ് പ്രമുഖനുമായും യു.എ.ഇ ഭരണകൂടത്തിലെ ഉന്നതരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. വമ്പന്മാരുമായി സൗഹൃദം വെളിവാക്കുന്ന ചിത്രങ്ങളടങ്ങിയ അരുണിന്റെ ഫേസ്ബുക്ക് പേജ് ഇന്നലെ അപ്രത്യക്ഷമായിരുന്നു. സിനിമാ, രാഷ്ട്രീയ ഉന്നതരുമൊത്തുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലുണ്ടായിരുന്നു. കൊച്ചിയില്‍ ഫാഷന്‍ മാഗസീനിന്റെ ചുമതലയിലുള്ളപ്പോള്‍ നടത്തിയ പാര്‍ട്ടികളിലൂടെയാണ് അരുണ്‍ ബാലചന്ദ്രന്‍ ഉന്നതരുമായി അടുക്കുന്നത്. അരുണിന്റെ ബിസിനസില്‍ കള്ളക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളി ഫെസല്‍ ഫരീദ് പണം മുടക്കിയിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ സ്വര്‍ണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അരുണാണെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തു സംഘം കുരുക്കില്‍പ്പെടുത്തുകയായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.


അതേ സമയം അരുണിന് ഐ.ടി രംഗത്ത് വേണ്ടത്ര മുന്‍പരിചയമില്ലെന്ന് വിവരം. മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റിലാണ് പി.ജി. തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലാണ് ബിരുദം. പിന്നീട് ബിസിനസ് മാഗസീന്റെ സ്ഥാപക ഡയറക്ടറായി. ഐ.ടി മേഖലയില്‍ പരിചയമില്ലാഞ്ഞിട്ടും മുഖ്യമന്ത്‌റിയുടെ ഐ.ടി ഫെലോ ആയി നിയമനം ലഭിക്കാന്‍ സഹായിച്ചത് ഉന്നത ബന്ധങ്ങളാണെന്ന് കസ്റ്റംസ് പറയുന്നു.