minister

പണ്ടൊക്കെ പുറത്തോട്ട് പോകുമ്പോൾ എല്ലാവരും ചെയ്തിരുന്നത് നല്ല വസ്ത്രം ധരിക്കലും, മേക്കപ്പിടലുമൊക്കെയായിരുന്നു. എന്നാൽ കൊവിഡ് പടർന്നുപിടിച്ചതോടെ പുറത്തിറങ്ങുമ്പോൾ കൂട്ടിന് മാസ്ക് കൂടി വന്നു. വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാൻ ആരോഗ്യവകുപ്പും, സർക്കാരുമൊക്കെ മാസ്ക് ധരിക്കണമെന്ന നിർദേശം കർശനമാക്കിയിരിക്കുകയാണ്.


ശീലമില്ലാത്തതിനാൽത്തന്നെ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ മറക്കുന്നവരുമുണ്ട്. ഓർമവരുമ്പോൾ പെട്ടെന്ന് വീട്ടിലേക്കോടി മാസ്‌ക് എടുക്കാറുമുണ്ട്.അത്തരത്തിലൊരു മറവിയാണ് ഫ്രാൻസിലെ വ്യവസായ മന്ത്രിയ്ക്കും സംഭവിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ മന്ത്രി ആഗ്നസ് പെന്നീർ കാറിൽ നിന്നറങ്ങി മുന്നോട്ടു നടക്കുന്നതിനിടെയാണ് മാസ്‌ക് ധരിച്ചില്ലെന്ന് ഓർത്തത്. ഉടൻ വായ പൊത്തി കാറിലേക്ക് ഓടി.

കാറിലേക്ക് ഓടുന്ന മന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥൻ ഇവർക്ക് മാസ്ക് നൽകുകയും ചെയ്തു. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാർകോൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു.