jaykosh

തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലിന്റെ ഗൺമാൻ ജയ്ഘോഷിനെ കണ്ടെത്തി. കൈയ്ക്ക് മുറിവേറ്റ നിലയിലാണ് ജയ്ഘോഷിനെ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ജയ്ഘോഷിൽ നിന്ന് കണ്ടെത്താനാകുമെന്നാണ് വിവരം. തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയ്ഘോഷിനെ കാണാതായത്. ഗൺമാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു.

കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയ്ഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ് പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയ്ഘോഷിന് ഉണ്ടായിരുന്നു. താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്ഘോഷ് പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി മുതൽ ജയ്ഘോഷിനെ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. നയതന്ത്ര പാഴ്‌സൽ മറയാക്കി സ്വർണം കടത്തിയ ദിവസം പ്രതി സ്വപ്‌ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വ‌പ്‌നയുടെ കോൾ ലിസ്റ്റിൽ ഇതിന്റെ തെളിവുണ്ടായിരുന്നു.

തനിക്ക് ഭീഷണിയുണ്ടെന്നും ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നതായും ജയ്ഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഒരു ഫോൺകോൾ വന്നയുടൻ ജയ്ഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭർത്താവ് പറഞ്ഞു. ബൈക്കിലെത്തിയ ചിലർ നാലു ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജയ്ഘോഷ് പറഞ്ഞെന്നുമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തൽ.