കേരളത്തിലെ ബിരുദതലത്തിൽ ഉന്നത വിദ്യാഭ്യാസം വൈവിധ്യവത്കരിക്കാൻ ഉദ്ദേശിച്ചുള്ള പ്രൊഫസർ സാബു തോമസ് റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ടു വരികയാണ് . 2016 - 20 വരെ സംസ്ഥാനത്ത് എയ്ഡഡ് സ്വാശ്രയ മേഖലകളിൽ വേണ്ടത്ര പുത്തൻ വിഷയങ്ങളിലുള്ള ബിരുദബിരുദാനന്തര പഠനപരിപാടികൾ ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്ന ധ്വനി റിപ്പോർട്ടിലുണ്ട്.
സാങ്കേതിക മെഡിക്കൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ അംഗങ്ങളായിരുന്ന സമിതി റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലും സർക്കാരും നടപടികളെടുക്കാൻ വേണ്ട ധാരാളം സൂചനകളും നൽകുന്നു. ഇവയിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ല. എന്നാൽ വിഷയ വൈവിദ്ധ്യത്തിലും സൂക്ഷ്മവിഷയങ്ങളിലും ബിരുദം പുനരാവിഷ്കരിക്കപ്പെടുമ്പോൾ അത് വിദ്യാർത്ഥിയിലും അദ്ധ്യയന പരിസരത്തിലും വരുത്തുന്ന അടിസ്ഥാനപരമായ മാറ്റം ബിരുദത്തിലെ ധൈഷണികത, വിശകലനാത്മകവും ഉദ്ഗ്രഥനപരവുമായ ബൗദ്ധിക വളർച്ച, തൊഴിലിടസിദ്ധികൾ, ജീവിതസിദ്ധികൾ, തദ്ഫലമായുള്ള നേതൃഗുണം എന്നിവ മറന്നു പോകാതിരിക്കണം. ബിരുദത്തിന്റെ ധൈഷണിക പരിസരം മറന്നുകൊണ്ടാകരുത് വൈവിദ്ധ്യവത്കരണം.
പഠിക്കേണ്ട വിഷയങ്ങൾ പകർന്നു നൽകുന്നതു കൊണ്ട് മാത്രമല്ല, വിഷയത്തെ ആഴത്തിൽ സമീപിക്കുന്നതുകൊണ്ടും ബോധനസിദ്ധികൾ (cognitive skills) വളരെ വർദ്ധിപ്പിക്കുന്നതുകൊണ്ടുമാണ് വിദേശത്തെ മികച്ച സർവകലാശാലകൾ ധാരാളം അന്യദേശക്കാരെ ആകർഷിക്കുന്നത്. ബിരുദതലത്തിലെ ബോധനം പ്ലസ്ടു തലത്തിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുളളത്, അതിന്റെ കേന്ദ്രീകരണം പഠിതാവിൽ ഉള്ളതുകൊണ്ടാണ്. പ്ലസ് ടു തലത്തിലെ താരതമ്യേനയുള്ള ആഴക്കുറവ്, വളരെ വർദ്ധിച്ച യോഗ്യത —ലഭ്യത ,തോത് എന്നിവയാൽ ഒന്നാം വർഷ ബിരുദം വീണ്ടും അടിസ്ഥാനനിലവാരമുളള കോഴ്സുകളാൽ സമൃദ്ധമായിരിക്കും. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടഐഛിക വിഷയങ്ങളിൽ 80 ശതമാനം കോഴ്സുകളും ഊന്നേണ്ട ബാധ്യത ബിരുദ പരിപാടിക്കുണ്ട്.
അനൈച്ഛിക വിഷയങ്ങളുടെ അകമ്പടി രണ്ടാം വർഷത്തോടെ ത്രിവത്സര പരിപാടിയിൽ ഒഴിവാക്കേണ്ടതും അവസാന രണ്ടു സെമസ്റ്ററുകൾ ഐച്ഛിക വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കേണ്ടതുമുണ്ട്. ഇപ്രകാരം വിഷയത്തിന്റെ പരിസരത്തിലും ഐച്ഛികത്തിലും കാച്ചിക്കുറുക്കി എടുക്കുന്ന ഒരു പരന്ന ധൈഷണികതയും ഏതാണ്ടെല്ലാ ബോധനരീതികളിലും ആർജിക്കാനുളള കരുത്തും ബിരുദ വിദ്യാർത്ഥികൾക്ക് ഉണ്ടാകണം.
സ്കൂൾ പരിസരത്തില്ലാത്ത സ്വകീയമായ റഫറൻസിംഗും, റിസർച്ചിംഗും വാചാരീതിയിലും, രചനകൾ നടത്തിയും ലക്ചറുകളും പ്രസന്റേഷനുകളും നടത്തിയും വീഡിയോകൾ നിർമ്മിച്ചും ഡിജിറ്റൽ മാദ്ധ്യമ സാന്നിദ്ധ്യം നൽകിയും ഒക്കെ ഒരു ബിരുദ വിദ്യാർത്ഥി ഒരുങ്ങേണ്ടതുണ്ട്.
ബിരുദാനന്തര ജീവിതത്തിൽ തന്റെ ധൈഷണിക നേട്ടം സമൂഹത്തിനും തൊഴിലിടത്തിലും ബോധനം നടത്താനും ബിരുദധാരിക്ക് ചുമതലയുണ്ട്. എല്ലാറ്റിലുമുപരി താൻ തലയിട്ടിരിക്കുന്നത് സാഗരം പോലെ അനന്തതയുള്ള ഒരു വൈജ്ഞാനിക മേഖലയുടെ തീരത്തെ ചെറുചിപ്പികളിലാണെന്നും ആഴമുള്ള കടലിൽ ഇനിയും വളരെ പരതേണ്ടതാണെന്നുമുള്ള ബോധം ബിരുദ പഠനം വിദ്യാർത്ഥിയിൽ ജനിപ്പിക്കണം. അത് ഗവേഷണത്തിലായാലും ബിരുദാനന്തരബിരുദ ഗവേഷണ ബിരുദങ്ങളിലേക്കായാലും അറിവിന്റെ ലോകപര്യടനത്തിലേക്കുള്ള ആരംഭമായിരിക്കണം. നമ്മുടെ തന്നെ പരിസരത്തുള്ള മികവ് ആരോപിക്കപ്പെടുന്ന ബിരുദ പരിപാടികളാകെ തൊഴിൽ നൽകുന്നതു കൊണ്ട് മാത്രമല്ല പ്രശസ്തങ്ങളാകുന്നത്. ലോകത്ത് 1:20 എന്ന തോതിൽ അപേക്ഷകൾ ലഭിക്കുന്ന ഏതാണ്ടെല്ലാ ബിരുദ പഠനവും അതിജാഗ്രതയോടെ അതതു സ്ഥാപനങ്ങൾ പരിപോഷിപ്പിക്കുന്ന ധൈഷണികതയുടെ യാഗാശ്വങ്ങളാണ്.
തനിയെ ജനിക്കുന്നതോ സർക്കാരുകൾ തീരുമാനിച്ചുറപ്പിക്കുന്നതോ അല്ല; അതത് സർവകലാശാലകളിലെ ബന്ധപ്പെട്ടവരുടെ കോഴ്സ് ഡിസൈൻ ടീമുകൾ വളരെ ആലോചിച്ച് പ്രോഗ്രാമിന്റെ അക്കാഡമിക പരിസരം നന്നായി അപഗ്രഥിച്ച് കാലിക പുനർവിലയിരുത്തൽ നടത്തിയുമാണ് മികച്ച ബിരുദത്തിന്റെ മൂർച്ച നിലനിറുത്തിപ്പോരുന്നത്. കോഴ്സു കൾക്കും കോഴ്സ് ടീമിനും പദ്ധതിയിൽ മേജർ മൈനർ ഏടുകൾ മാറ്റിമറിയ്ക്കാൻ വളരെ സ്വാതന്ത്ര്യം ഈ സർവകലാശാലകൾ നൽകുന്നു. 2010 - 15ൽ വൈസ്ചാൻസലർ ആയിരുന്നപ്പോൾ സർവകലാശാല വകുപ്പുകൾ രണ്ടു മാസം കൊണ്ട് അൻപതിലധികം ഹ്രസ്വഇടത്തരംദീർഘ കോഴ്സുകൾ ആവിഷ്കരിച്ചത് ഓർക്കുന്നു. നടത്തിപ്പിൽ എല്ലാ പുതുകോഴ്സുകളും ഒരുപോലെ വിജയിക്കില്ല. 20 - 30 ശതമാനം കോഴ്സുകളേ തുടർന്നു നിലനിന്നുവരുന്നുള്ളൂ.
കോഴ്സുകളുടെ പരാജയം അഥവാ പുനരാവിഷ്കാരം ഒരു യാഥാർത്ഥ്യമാണ്. അതിന്നാൽ പാഠ്യപദ്ധതികളും ബിരുദങ്ങളും ആവിഷ്കരിക്കാനുള്ള സർവകലാശാലകളുടെയും ഓട്ടോണമസ് കോളേജുകളുടെയും സ്ഥാപനങ്ങളുടെയും കഴിവിനെ പരിപോഷിപ്പിക്കുക പ്രധാനമാണ്. പുതിയ കോഴ്സുകൾ ബോർഡ് ഒഫ് സ്റ്റഡീസിൽ നിന്നും അക്കാഡമിക് കൗൺസിലിൽ നിന്നും മാത്രമേ ഉദിക്കൂ എന്ന ചട്ടവും മാറണം. വലിയ ഭരണപരവും അക്കാഡമികവുമായ വികേന്ദ്രീകരണം ഇതിൽ വേണ്ടതുണ്ട്. ഒപ്പം മികച്ച NIRF (National Institute Ranking Frame work) റാങ്കിങ്ങുള്ള സ്വകാര്യ സർവകലാശാലകളുടെ നിരയെ സംസ്ഥാനത്തേക്ക് ആകർഷിക്കേണ്ടതുണ്ട്.
ബിരുദം പല തരമാകാം, എന്നാൽ ധൈഷണിക മേന്മയെ സൂചിപ്പിക്കുന്നതിൽ മേൽത്തരം ബിരുദം, മൂന്നു വർഷം കൊണ്ടും നാലു വർഷം കൊണ്ടും അഞ്ചു വർഷം കൊണ്ടും നേടാവുന്നവയാകാം. സാധാരണ സർക്കാർ ജോലികൾക്കു വേണ്ട 'അസോസിയേറ്റ് ഡിഗ്രി" രണ്ടു വർഷം കൊണ്ട് തീർക്കുകയുമാവാം. ഡിജിറ്റൽ ഓൺലൈൻ പഠന സമയങ്ങൾ വർദ്ധിപ്പിച്ച്, എൻറോൾമെന്റും ഗുണനിലവാരവും വർദ്ധിപ്പിക്കാനുള്ള പരിശ്രമമാണ് നാം നടത്തേണ്ടത്. ഈ കൂട്ടിച്ചേർക്കലോടെ റിപ്പോർട്ട് വളരെ വേഗം നടത്തിപ്പിലും വിജയിപ്പിക്കട്ടെ എന്ന് കരുതാം.
(അഭിപ്രായം വ്യക്തിപരം)