rajnath-singh

ന്യൂഡൽഹി: നമ്മുടെ ഒരിഞ്ച് ഭൂമി പോലും ഒരു ശക്തിക്കും ഏറ്റെടുക്കാനാവില്ലെന്ന് സൈനികർക്ക് ഉറപ്പ് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഡാക്കിൽ സൈനികരുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


'പ്രശ്നം പരിഹരിക്കപ്പെടണം, പക്ഷേ അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. എന്നിരുന്നാലും, നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ഒരു ശക്തിക്കും ഏറ്റെടുക്കാനാവില്ല. ലോകത്തിന് സമാധാന സന്ദേശം നൽകിയ ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മൾ ഒരിക്കലും ഒരു ജനതയേയും ആക്രമിച്ചിട്ടില്ല, ഒരു രാജ്യത്തിന്റെയും ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിട്ടില്ല. 'ലോകം ഒരു കുടുംബമാണ്' എന്ന സന്ദേശത്തിൽ ഇന്ത്യ വിശ്വസിക്കുന്നു'- കേന്ദ്രമന്ത്രി പറഞ്ഞു. സൈന്യത്തെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും, ജവാന്മാരുടെ ഇടയിൽ നിൽക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ജൂൺ 15 ന് ചൈനയുമായുള്ള ഏറ്റുമുട്ടലിനുശേഷം അതിർത്തിയിലുണ്ടായ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായിട്ടാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച രാവിലെ ലഡാക്കിൽ എത്തിയത്. കഴിഞ്ഞമാസം 20 സൈനികരാണ് അതിർത്തിയിൽ വീരമൃത്യുവരിച്ചത്. കരസേന മേധാവി എം.എം നരവനെ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. ജൂലായ് മൂന്നിനായിരുന്നു നേരത്തേ രാജ്നാഥ് സിംഗിന്റെ ലഡാക്ക് സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് റദ്ദാക്കുകയും, അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിൽ എത്തിച്ചേരുകയുമായിരുന്നു.