kaumudy-news-headlines

1. തലസ്ഥാനത്ത് സമൂഹ വ്യാപനം എന്ന് സൂചന. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി അടിയന്തര ചര്‍ച്ച നടത്തുന്നു. തീരദേശ മേഖലയിലാണ് സമൂഹ വ്യാപനം രൂക്ഷമായത് എന്നും വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ തീരദേശ മേഖലയില്‍ വലിയ തോതിലുള്ള രോഗവ്യാപനമാണ് ഉണ്ടായത്. സമൂഹ വ്യാപന സ്ഥിരീകരിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും വിവരം. ഇന്നലെ 339 കേസുകളില്‍ 301 കേസുകളും സമ്പര്‍ക്ക വ്യാപനത്തിലൂടെ ആയിരുന്നു.


2. തിരുവനന്തപുരത്ത് സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതം ആയതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കോര്‍പ്പറേഷന്‍ പരിധിയിലെ കടകംപ്പള്ളി കണ്ടെയിമെന്റ് സോണാക്കി പ്രഖ്യാപിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂര്‍, കുളത്തൂര്‍, ചിറയിന്‍കീഴ്, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പെട്ട കൂടുതല്‍ വാര്‍ഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ ആക്കി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 30 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുക ആണ്. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും.
3. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചല്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്. കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമ പഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ ആര്‍ക്കും കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ല. സര്‍ക്കാര്‍ മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. എന്നാല്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
4. സ്വര്‍ണക്കടത്ത് കേസിനെ ചാര കേസിനോട് ഉപമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം ആവര്‍ത്തിക്കില്ല എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടം ഉണ്ടാക്കിയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ആരോപണ വിധേയനായ ശിവശങ്കര്‍ യു.ഡി.എഫ് ഭരണകാലത്ത് മര്‍മ പ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ആണ്. ഭരണ ശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയില്‍ ആയിരുന്നു ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കിയത്. എന്നാല്‍ ആക്ഷേപം വന്നയുടന്‍ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ ശിവശങ്കറിനെ ഓഫീസില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ആര്‍ജവം മുഖ്യമന്ത്രി കാണിച്ചു.
5. വിശ്വാസത്തിന് കോട്ടംതട്ടുന്ന പ്രവൃത്തി ശിവശങ്കറിന്റെ ഭാഗത്തു നിന്നുണ്ടായി. സ്വയം കുഴിച്ച കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈ നീളില്ല എന്നാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ തെളിയിക്കുന്നത് എന്നും പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പ് നിറമാണ് എന്നാണെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുടെ പരാമര്‍ശത്തേയും ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി. പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തം ആക്കുന്നത് സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയും ആണെന്നാണ്. കാവി ബി.ജെ.പിയെയും, പച്ച ചില തീവ്രവാദി സംഘടനകളെയും, അവയുമായി സഹകരിക്കുന്ന മുസ്ലിം ലീഗിനെയും ആണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു.
6. സൗന്ദര്യ വര്‍ദ്ധക സോപ്പ് നിര്‍മ്മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ക്യൂട്ടി അതിന്റെ വിപണന ശൈലിയില്‍ മാറ്റം വരുത്തി. വര്‍ത്തമാനകാല കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സോപ്പുകള്‍ക്ക് വലിയ ആവശ്യമാണ് വിപണിയില്‍ ഉയരുന്നത്. കൊവിഡ് പോരാട്ടത്തില്‍ രാഷ്ട്രത്തിന്റെ സോപ്പ് രാഷ്ട്രത്തിന് ഒപ്പം എന്ന ആശയവുമായി ക്യൂട്ടി അതിന്റെ ക്യാപ്ഷനില്‍ പുതിയ മാറ്റം വരുത്തിയിരിക്കുന്നു. ഇത്തിരി ക്യൂട്ടി ഒത്തിരി സേഫ്റ്റി എന്ന പേരില്‍ ആണ് പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.
7. കൊവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തങ്ങള്‍ ഇതോടൊപ്പം ക്യൂട്ടി സോപ്പിന്റെ നിര്‍മ്മാതാക്കളായ ഗുഡ്‌ബൈ സോപ്പ്സ് ആന്റ് കോസ്‌മെറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തി വരുന്നുണ്ട്. ക്യൂട്ടി ദ സേഫ്റ്റി കാമ്പയിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യ സോപ്പ്, മാസ്‌ക് വിതരണത്തിനും കമ്പനി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിപുലമായി വിപണന പ്രവര്‍ത്തനങ്ങള്‍ ആണ് ക്യൂട്ടി ദ സേഫ്റ്റി കാമ്പയിന്റെ ഭാഗമായി കമ്പനി സംഘടിപ്പിക്കുന്നത്.
8. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക് എത്തുന്നു. ആകെ രോഗബാധിതരുടെ എണ്ണം 1,39,43,809 ആയി. ഇതില്‍ 82,76,887 പേര്‍ രോഗമുക്തി നേടി. 5,92,628 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 36 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 36,95,025 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,41,118 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.