തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ജുവലറിയിൽ കസ്റ്റംസ് പരിശോധന. ഹെസ്സ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലാണ് പരിശോധ നടത്തിയത്. ഇവിടത്തെ മുഴുവൻ സ്വർണവും പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. പരിശോധനയിൽ ക്രമക്കേട് ബോധ്യപ്പെട്ടെന്നും ഇവിടെ സൂക്ഷിച്ചിരുന്ന സ്വർണം മുഴുവൻ അനധികൃതമാണെന്നുമാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. കളളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയിട്ടുണ്ടെന്നുമാണ് സംശയിക്കുന്നത്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാവുമെന്നാണ് അറിയുന്നത്.
അതിനിടെ സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂർ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ എല്ലാമുറികളിലും കസ്റ്റംസ് അധികൃതർ പരിശോധന നടത്തി. എന്തെങ്കിലും തെളിവുകൾ കിട്ടിയോ എന്ന് വ്യക്തമല്ല.
നാടുമായി ഫൈസലിന് കാര്യമായ ഒരു ബന്ധവുമില്ലെന്നാണ് പ്രദേശവാസികൾ കസ്റ്റംസിനെ അറിയിച്ചത്. ഒന്നരവർഷമായി ഫൈസൽ ഇവിടേക്ക് വന്നിട്ടില്ല. അയാളുടെ മാതാപിതാക്കൾ ഇവിടെയുണ്ടായിരുന്നെങ്കിലും അവരും ഇപ്പോൾ ഇവിടെ താമസിക്കുന്നില്ല. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.