swapna-suresh-

തിരുവനന്തപുരം: നാട്ടിലെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബത്തിൽ ജനിച്ച തിരുവല്ലം സ്വദേശി സരിത്തിനെക്കുറിച്ച് നാട്ടുകാർക്കോ ബന്ധുക്കൾക്കോ അങ്ങനെ തെറ്രുകുറ്റങ്ങളൊന്നും പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് പിടിയിലായപ്പോൾ പലരും മൂക്കത്തുവിരൽവച്ചു. സരിത്തിന് അങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ? അതുകൊണ്ടുതന്നെ തുടക്കത്തിൽ പലരും ആ വാർത്ത വിശ്വസിക്കാനും തയാറായിരുന്നില്ല. പക്ഷേ, തെളിവുകൾ നിരത്തി കസ്റ്റംസും എൻ.ഐ.എയും ചോദ്യം ചെയ്യുന്നതിന്റെ വിവരങ്ങൾ ഇപ്പോൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യു.എ.ഇ കോൺസുലേറ്റിൽ ജോലി ലഭിച്ചശേഷം അവിടെ വച്ച് പരിചയപ്പെട്ട സ്വപ്ന സുരേഷുമായുള്ള സൗഹൃദമാണ് സരിത്തിന്റെ ജീവിതം തകർത്തതെന്നാണ് ചില ബന്ധുക്കൾ വിശ്വസിക്കുന്നത്.

കള്ളക്കടത്തിന്റെ കാരിയറായി

യു.എ.ഇ കോൺസുലേറ്റിലെ പരിചയത്തെതുടർന്ന് സരിത്തിന്റെ വീട്ടിൽ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്ന സ്വപ്ന തനിക്ക് പിറക്കാതെപോയ അനുജനായാണ് സരിത്തിനെ വിശേഷിപ്പിച്ചിരുന്നത്. സഹോദര തുല്യമായ സ്നേഹവാൽസല്യവും കരുതലും തന്നോട് കാട്ടിയിരുന്ന സ്വപ്നയെ ചേച്ചിയെന്നോ മാഡമെന്നോ മാത്രം വിശേഷിപ്പിച്ചിരുന്ന സരിത്ത് അതേനിലയിൽ ബഹുമാനം തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. സ്നേഹം നടിച്ച് സരിത്തിനെ വശത്താക്കിയ സ്വപ്ന യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള തന്റെ കള്ളക്കടത്തിന്റെ കാരിയറായി തന്ത്രപൂർവ്വം ഉപയോഗിക്കുകയും ചെയ്തു. റിട്ടയേർഡ് സർക്കാർ ജീവനക്കാരാണ് സരിത്തിന്റെ മാതാപിതാക്കൾ.

പ്ളസ് ടുവിന് ശേഷം സരിത്തിന് വിദ്യാഭ്യാസം വിജയപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ ആയില്ല. പഠനം പാതിവഴിയിൽ നിലച്ചതോടെ,​ സർവീസിൽ നിന്ന് അവധിയെടുത്ത് ഗൾഫിൽ പോയിരുന്ന സരിത്തിന്റെ പിതാവ്, മകനെ ഗൾഫിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ധനകാര്യസ്ഥാപനത്തിൽ ജോലി തരപ്പെടുത്തി നൽകി. ഏതാനും വർഷം അവിടെ ജോലിയിൽ തുടർ‌ന്ന സരിത്ത് നാട്ടിലെ വീട് പുതുക്കിപ്പണിത് രണ്ട് നിലയാക്കി. ഇതിനിടെ അച്ഛന്റെ സുഹൃത്തായ കൈതമുക്ക് സ്വദേശിയുടെ മകളുമായി വിവാഹം തീരുമാനിച്ചു. വിവാഹത്തിന് നാട്ടിലെത്തിയ സരിത്ത് മധുവിധുവിന് ശേഷം ഭാര്യയുമായി ഗൾഫിലേക്ക് മടങ്ങി. ഗൾഫിലെ കുടുംബജീവിതം പലവിധ കാരണങ്ങളാൽ സംതൃപ്തമാകാതിരുന്നതിനാൽ സരിത്ത് ഭാര്യയുമായി നാട്ടിലേക്ക് മടങ്ങിയെത്തി. ഇതിനിടെ ഒരു കുഞ്ഞും ജനിച്ചു.

ജോലിയില്ലാതെ നാട്ടിൽ വിഷമിച്ച് കഴിയുമ്പോഴാണ് ചില പരിചയങ്ങൾവച്ച് കോൺസുലേറ്റിൽ താൽക്കാലിക ജോലി ലഭിച്ചത്. സരിത്ത് ജോലിയിൽ പ്രവേശിച്ച് കുറച്ച് നാൾക്കുശേഷമാണ് സ്വപ്ന അവിടെ ജോലിക്കെത്തിയത്. അറബി ഉൾപ്പെടെ എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്യാനും ആരെയും വശീകരിക്കാനുമുള്ള കഴിവും കാരണം ചുരുങ്ങിയ കാലം കൊണ്ട് സ്വപ്ന കോൺസുലേറ്റിലെ കാര്യക്കാരിയായി. കോൺസുലേറ്റിലെ അറബ് പ്രതിനിധികളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായുമെല്ലാം അടുത്ത ബന്ധം സ്ഥാപിച്ച സ്വപ്ന സരിത്തിന് ഒരു അതിശയമായിരുന്നു. ഭാര്യയോടും കുടുംബാംഗങ്ങളോടും സ്വപ്നയുടെ കഴിവുകളെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്ന സരിത്തിന്റെ ഒരു കുടുംബ സുഹൃത്തായി സ്വപ്നമാറി. സ്വപ്ന സംഘടിപ്പിച്ച ചടങ്ങുകളിലടക്കം സരിത്തിന്റെ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു.

ഇതിനിടെ സരിത്തിന്റെ ദാമ്പത്യബന്ധവും തകർന്നു. ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദാമ്പത്യപ്രശ്നത്തിലെ നിയമയുദ്ധങ്ങളൊന്നും പക്ഷേ, സരിത്തിന്റെ ജോലിയേയോ വ്യക്തി ജീവിതത്തെയോ ബാധിച്ചില്ല. സ്വപ്നയുമായുള്ള അടുപ്പവും സ്വപ്നയുടെ ഉന്നത സ്വാധീനം പകർന്ന് നൽകിയ ധൈര്യവും സരിത്തിനെയും അരുതാത്ത പ്രവൃത്തികളിലേക്ക് നയിച്ചു. സ്വപ്നയ്ക്കൊപ്പം ഉന്നതരായ ചില ബന്ധങ്ങൾ സരിത്തും നേടിയെടുത്തു. സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെടുംവരെ ആ ബന്ധം കണ്ണി മുറിയാതെ നോക്കാനും സരിത്തിനായി.

യു.എ.ഇ കോൺസുലേറ്റിലെത്തുന്ന നയതന്ത്ര ബാഗേജുകളിൽ കടത്തിയിരുന്ന സ്വർണം സ്വപ്നയ്ക്ക് വേണ്ടി സരിത്ത് കൈപ്പറ്റി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ തുടങ്ങി. ഓരോ കടത്തിനും കമ്മിഷനായി ഏഴ് ലക്ഷത്തോളം രൂപ സരിത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.