pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാൻ ആയില്ലെന്നും ജാഗ്രത കുറവുണ്ടായെന്നുമാണ് പാർട്ടി വിമർശനം. സ്വർണക്കടത്ത് വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശിവശങ്കറിന്റെ ഇടപാടുകൾ നിരീക്ഷിച്ചില്ലെന്നും വിവാദങ്ങൾ ഊതിപെരുപ്പിക്കാൻ പ്രതിപക്ഷത്തിനായെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.

ശിവശങ്കറിനെ തള്ളിയാണ് മുഖ്യമന്ത്രി യോഗത്തിൽ സംസാരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകൾ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിശദീകരിച്ചു. എല്ലാത്തിനും ഉത്തരവാദിത്വം ശിവശങ്കറിന് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിന് അപ്പുറം തന്റെ ഓഫീസിലെ മറ്റാർക്കും കേസുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ശിവശങ്കറിനോട് മൃദുസമീപനം വേണ്ടെന്നാണ് സി.പി.എം നിലപാട്. സ്വർണക്കടത്ത് കേസ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കി. അതുകൊണ്ട് തന്നെ സർക്കാർ, പാർട്ടി നിലപാടുകൾ വിശദീകരിച്ച് ആഗസ്റ്റിൽ വിപുലമായ ക്യാമ്പയിൻ നടത്താനാണ് പാർട്ടി ആലോചിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച എം.വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസ് ചുമതല നൽകാനും സി.പി.എം ആലോചിക്കുന്നതായാണ് വിവരം.