തിരുപ്പതി: പതിനാല് പൂജാരിമാരുൾപ്പടെ 140 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച അവസരത്തിലും പ്രസിദ്ധമായ തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകുന്നത് പുനരാരംഭിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനം. ജൂൺ 11ന് ചേർന്ന തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് മീറ്റിംഗിലാണ് ക്ഷേത്രം വീണ്ടും തുറക്കാൻ തീരുമാനമായത്. ക്ഷേത്രത്തിൽ ദർശനം നിർത്താൻ പദ്ധതിയൊന്നുമില്ലെന്ന് ടിടിഡി ചെയർപേഴ്‌സൺ വൈ.വി.സുബ്ബ റെഡ്ഡി പറഞ്ഞു.
രോഗം ബാധിച്ചവരിൽ 70 പേർക്ക് രോഗം ഭേദമായി. രോഗം ബാധിച്ചവരിലേറെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്‌തിരുന്ന സംസ്ഥാനത്തെ പൊലീസുകാരായിരുന്നു. അവരിൽ ഒരാൾക്ക് മാത്രമേ രൂക്ഷമായ രോഗബാധ ഉണ്ടായിട്ടുളളു. ക്ഷേത്രം അടക്കില്ലെന്നും പൂജാരിമാർക്കും ജീവനക്കാർക്കും പ്രത്യേകം ഭക്ഷണവും താമസ സൗകര്യവും നൽകുമെന്നും വെ.വി. സുബ്ബ റെഡ്ഡി പറഞ്ഞു. അതേസമയം തിരുപ്പതി മുഖ്യ പൂജാരിയായ രമണ ദീക്ഷിതുലു തിരുപ്പതി ദേവസ്വം അധികൃതരുടെ നടപടിയിൽ അതൃപ്‌തി രേഖപ്പെടുത്തി. 'അൻപത് അർച്ചകരിൽ 15 പേർക്ക് കൊവിഡ‌് സ്ഥിരീകരിച്ചു. 25 പേരുടെ പരിശോധനാ ഫലം കാക്കുകയാണ്.എന്നിട്ടും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറും ദർശനം തടയാൻ വിസമ്മതിക്കുകയാണ്.' അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. മുൻപും ദേവസ്വം അധികൃതരും മുഖ്യ പൂജാരിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. 1,003,832 പേർക്ക് രോഗം ബാധിച്ചു. 25,602 പേർ മരണമടഞ്ഞു.6.35 ലക്ഷം പേർക്ക് രോഗം ഭേദമായി. നിരക്ക് 63.34 ആണ്.