കൊവിഡ് കാലത്തും നന്മനിറഞ്ഞവരുടെ ഹൃദയ സ്പർശിയായ വാർത്തകൾ നമ്മളെ തേടിയെത്താറുണ്ട്. കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയിലെ ന്യൂ ജഴ്സിയിൽ നിന്നാണ് ഹൃദയത്തെ തൊടുന്ന ഒരു വാർത്ത ഇപ്പോൾ വന്നിരിക്കുന്നത്. ദ സ്റ്റാർവിംഗ് ആർട്ടിസ്റ്റ് എന്ന റസ്റ്ററന്റിലാണ് സംഭവം. റസ്റ്ററന്റിൽ പതിവുകാരനായ ഒരു കസ്റ്റമർ ഭക്ഷണം കഴിച്ചശേഷം കൊവിഡ് കാലമായതിനാൽ 1000 ഡോളർ ടിപ്പ് നൽകിയിട്ടാണ് പോയത്. 2001 മുതൽ തങ്ങളുടെ സ്ഥിരം കസ്റ്റമറായിട്ടുള്ള ആളാണ് ഇത്രയും വലിയ ടിപ്പ് നൽകിയതെന്ന് ഓഷ്യൻ ഗ്രോവിലെ റസ്റ്ററന്റിന്റെ ഉടമസ്ഥനായ ആർനോൾഡ് ടീക്സീറിയ പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "അദ്ദേഹവും കുടുംബവും പതിവുപോലെ ഭക്ഷണം കഴിച്ച് ഒരു വാക്കുപോലും പറയാതെ പോകുകയായിരുന്നു " ആർനോൾഡ് പറഞ്ഞു. "അവർക്ക് ഭക്ഷണം കൊടുത്ത വെയിറ്റർ ആണ് ആദ്യം ഈ ടിപ്പും കുറിപ്പും കണ്ടത്, അവൾ അപ്പോൾ തന്നെ കരയാൻ തുടങ്ങി. തുടർന്ന് വേറെ ഒരു സ്റ്റാഫ് കണ്ടു. അവരും കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. ഞങ്ങളെ സംബന്ധിച്ച് വികാരാധീനമായിരുന്നു ഇത്, കാരണം അത്ര ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ഇപ്പോൾ" ആർനോൾഡ് പറഞ്ഞു. ദ സ്റ്റാർവിങ് ആർട്ടിസ്റ്റ് കഴിഞ്ഞയാഴ്ച അവരുടെ ഇരുപത്തിയൊന്നാമത് വാർഷികം ആഘോഷിച്ചിരുന്നു.
അന്നാണ് ഈ സംഭവം നടന്നത്. "ഈ വിഷമം പിടിച്ച കാലഘട്ടത്തിൽ ജോലി ചെയ്യുന്നതിന് നന്ദി' എന്ന് എഴുതിയ കുറിപ്പിനൊപ്പമാണ് 1000 ഡോളർ ടിപ്പ് വച്ചത്. "നിങ്ങളുടെ രുചികരമായ ഭക്ഷണം, ഊഷ്മളമായ പുഞ്ചിരി, മികച്ച അന്തരീക്ഷം എന്നിവയോട് ഞങ്ങൾ നന്ദിയുള്ളവരാണ്... നിങ്ങളെയെല്ലാം ഞങ്ങൾ വളരെയധികം വിലമതിക്കുന്നുവെന്ന് ദയവായി മനസിലാക്കുക. സ്റ്റാർവിങ് ആർട്ടിസ്റ്റില്ലാതെ ഇത് നല്ല വേനൽക്കാലമാകില്ല," - ടിപ്പ് നൽകിയയാൾ കുറിപ്പിൽ കൂട്ടിച്ചേർത്തു. ടിപ്പ് മുഴുവൻ സ്റ്റാഫുകളും ഇത് പങ്കിട്ടെടുക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. അതനുസരിച്ച് ഏഴ് സ്റ്റാഫുകൾക്കായി ഉടമസ്ഥൻ തുക പങ്കിട്ടു നൽകി.