skelton-

1940കളിലാണ് ഹിമാലയ സാനുക്കളിലെ അസ്ഥികൾ നിറഞ്ഞ നിഗൂഢ തടാകമായ ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. കഠിനമായ വേനൽക്കാലത്ത് മഞ്ഞുരുകാൻ തുടങ്ങിയപ്പോൾ അസ്ഥികൂട അവശിഷ്ടങ്ങൾ ആദ്യമായി അവിടെ തെളിഞ്ഞു വന്നു. ബ്രിട്ടിഷ് ഫോറസ്റ്റ് ഗാർഡാണ് ആദ്യം ഇത് കണ്ടത്. 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന് തീർഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം. സമുദ്രനിരപ്പിൽ നിന്ന് 5029 മീറ്റർ (16,470 അടി) ഉയരത്തിൽ മലമടക്കുകളിലാണിത്.

തടാകത്തിലെ മഞ്ഞ് ഭാഗികമായി ഉരുകുമ്പോൾ മാത്രമാണ് അസ്ഥികൂടങ്ങൾ പൊങ്ങിവരുന്നത്. അഞ്ഞൂറിലേറെപ്പേരുടെ അസ്ഥികൾ തടാകത്തിലുണ്ടെന്നാണ് അനുമാനം. ഈ തടാകത്തിൽ ഇത്രത്തോളം അസ്ഥികൂടങ്ങൾ എങ്ങനെയാണ് വന്നത് എന്നതാണ് എല്ലാവരെയും കുഴക്കുന്നത്.

1841ലെ ഒരു യുദ്ധത്തിന് ശേഷം മടങ്ങുകയായിരുന്ന ജാപ്പനീസ് സൈനികർ വഴിതെറ്റി തടാകക്കരയിൽ എത്തിയെന്നും ഇവിടെ വച്ച് കൊല്ലപ്പെട്ടുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു കഥ. ഹിമാലയ തീർത്ഥാടനത്തിന് പോകുകയായിരുന്ന കനൗജിലെ രാജാവായ ജസ്ദാവലിനെയും രാജ്ഞിയേയും സംഘത്തെയും തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയതിൽ കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിൽ വച്ചാണെന്നതാണ് മറ്റൊരു വിശ്വാസം. എന്നാൽ ഗ്രീസ്, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പടെ ഉത്തരാഖണ്ഡിലെ നന്ദാദേവി സന്ദർശിക്കാൻ ഏഴാംനൂറ്റാണ്ട് മുതൽ എത്തിയ സഞ്ചാരികളുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് അടുത്തിടെ ഒരു പഠനത്തിലെ കണ്ടെത്തൽ.