muf

ജനീവ: പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ തെഹ്‌രിക് ഇ താലിബാൻ നേതാവ് മുഫ്തി നൂർ വാലി മെഹ്സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. യു.എൻ സുരക്ഷാ കൗൺസിൽ സമിതിയാണ് മുഫ്തി നൂർ വാലി മെഹ്സൂദിനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്തിയത്. അൽഖ്വയിദയ്ക്ക് സാമ്പത്തിക സഹായം നൽകുക, ഭീകരാക്രമണ പദ്ധതികൾ ആവിഷ്കരിക്കുക, തീവ്രവാദം പ്രോത്സാഹിപ്പിക്കുക എന്നിവ കണക്കിലെടുത്താണ് നടപടി. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാൽ എഫ്.എ.ടി.എഫിന്റെ കർശന നിരീക്ഷണത്തിലുള്ള പാകിസ്ഥാന്റെ പ്രതിച്ഛായയ്ക്ക് ആഗോളതലത്തിൽ മങ്ങലേൽപ്പിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനം. തെഹ്‌രിക് ഇ താലിബാൻ 'പാകിസ്ഥാൻ താലിബാൻ' എന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ നിരവധി ചാവേർ ആക്രമണങ്ങൾക്ക് ഈ ഭീകര സംഘടന നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം.

സ്വാഗതം ചെയ്ത് അമേരിക്ക

മുഫ്തി നൂർ വാലി മെഹ്സൂദ് ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയതിനും ഭീകര പരിശീലനകേന്ദ്രങ്ങൾ നടത്തുന്നതിനും വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കുന്ന അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. മുഫ്തി നേതൃത്വം നൽകുന്ന തെഹ്‌രിക് ഇ താലിബാനാണ് പാകിസ്ഥാനിൽ നടക്കുന്ന പല ആക്രമണങ്ങൾക്ക് പിന്നിലെന്നും അമേരിക്ക ആരോപിച്ചു. 2019 സെപ്തംബറിൽ അമേരിക്ക ആഭ്യന്തരതലത്തിൽ മുഫ്തിയെ ഭീകരനായി പ്രഖ്യാപിച്ചിരുന്നതായാണ് റിപ്പോർട്ട്.

സൗത്ത് വസീരിസ്ഥാൻ സ്വദേശിയാണ് മെഹ്‌സൂദ്.

 നൂ‌ർവാലി എന്ന പേരിലും അറിയപ്പെടുന്നു

 2018ൽ പാകിസ്ഥാൻ തെഹ്‌രിക് ഇ താലിബാൻ നേതാവായി

2019ൽ മസൂദ് അസറിനെ യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു.