kuldhara-village-

ഒരൊറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്പാടെ അപ്രത്യക്ഷമായ കഥയാണ് കുൽധാരയുടേത്. രാജസ്ഥാനിലെ ജൈസൽമേറിൽ നിന്ന് പതിനെട്ട് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പേടിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇവിടം ഇപ്പോൾ അവശേഷിക്കുന്നത് ആളൊഴിഞ്ഞവീടുകളും വരണ്ടുണങ്ങിയ ഭൂമിയും മാത്രമാണ്.

കുൽധാരയ്ക്ക് സമ്പന്നമായ ഒരു ഭൂതകാലമാണുണ്ടായിരുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുഇത്. പലിവാൽ എന്ന വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണൻമാരായിരുന്നു ഇവിടെ വസിച്ചിരുന്നത്. പുരാതന കാലത്ത് മന്ത്രിയായ സലിം സിംഗിന് ഗ്രാമവാസികൾ നികുതി നൽകേണ്ടതുണ്ടായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെത്തിയ മന്ത്രി, ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വർദ്ധിപ്പിക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ പെൺകുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാര ഗ്രാമവും അടുത്തുള്ള 84 ഗ്രാമങ്ങളും ചേർന്ന് ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സ്ഥലം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്. എന്നാൽ അതല്ല, ഒരൊറ്റ രാത്രികൊണ്ട് ഗ്രാമവാസികളെ മുഴുവൻ മന്ത്രിയും പരിവാരങ്ങളും ചേർന്ന് കൊന്നുകുഴിച്ചുമൂടിയെന്നും കഥയുണ്ട്.

1500 ലധികം ആളുകൾ താമസിച്ചിരുന്ന ഗ്രാമത്തിൽ ഇന്ന് സ്ഥിര താമസക്കാർ ആരും തന്നെയില്ല. രാത്രിയാകുമ്പോൾ പേടിപ്പിക്കുന്ന ആർത്തനാദങ്ങളും ഒഴുകി നടക്കുന്ന രൂപങ്ങളുമാണ് ഈ ഗ്രാമത്തെ ദുരൂഹമാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നു. എന്നാൽ, ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം കാണാൻ ദിവസേന ധാരാളം ആളുകൾ എത്തുന്നുണ്ട്. എന്നാൽ നേരം ഇരുട്ടാൻ തുടങ്ങിയാൽ പിന്നെ ഗ്രാമത്തിൽ ഒരാൾ പോലും നിൽക്കാറില്ല!.