ഭുവനേശ്വർ : കൊവിഡ് 19നെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ. ഇതിനിടെ ഒഡീഷയിലെ ഭുവനേശ്വർ, കട്ടക് നഗരങ്ങളിലെ പൊലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ വ്യത്യസ്ഥമായ ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ്. കുടവയർ ഉള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കണം. മാത്രവുമല്ല ശരീരഭാരവും കുറയ്ക്കണം. കൊവിഡിനൊപ്പം കാണപ്പെടുന്ന മറ്റ് രോഗാവസ്ഥകളിൽ നിന്നും രക്ഷനേടാൻ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെന്നുള്ളത് അനിവാര്യമാണ്. ഇതിനാണ് പൊലീസുകാർക്ക് നിർദ്ദേശവുമായി മേലുദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.
ഭുവനേശ്വർ - കട്ടക് പരിധിയിൽ വരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് കമ്മീഷണർ സുദൻസു സാരംഗി ഒരു നോട്ടീസ് നൽകി കഴിഞ്ഞു. ശരീരഭാരം കൂടിയവർ നവംബർ മാസത്തിനകം ഭാരംകുറച്ച് ഫിറ്റാകണമെന്നും അല്ലാത്തപക്ഷം ഭാരം കുറയ്ക്കുന്നതിൽ പരാജയപ്പെട്ട പൊലീസുകാർക്ക് നിർബന്ധിത വിരമിക്കൽ വരെ ലഭിച്ചേക്കുമെന്നുമാണ് കമ്മീഷണർ നൽകുന്ന മുന്നറിയിപ്പ്.
' ഫിസിക്കൽ ടെസ്റ്റുകൾ നടത്തിയ ശേഷമാണ് പൊലീസുദ്യോഗസ്ഥരെ സേനയിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാൽ സമയം കടന്നു പോകുന്നതോടെ ട്രെയിനിംഗ് ഒക്കെ എല്ലാവരും മറക്കും. മിക്ക പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യത്തെ പറ്റി ശ്രദ്ധിക്കാതെയാകും. അതോടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവരെ തേടിയെത്തുകയും ചെയ്യും. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, പ്രമേഹം, കൊളസ്ട്രോൾ ഇങ്ങനെ നീളുന്നു പട്ടിക. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ കൊവിഡ് 19 ബാധയുണ്ടായാൽ ആരോഗ്യസ്ഥിതി സങ്കീർണമാകും. ഭാവിയിൽ ഇത്തരം വൈറസുകളെ ഇനിയും നാം നേരിടേണ്ടി വന്നേക്കാം. അതിനാൽ നാം ഇപ്പോൾ തന്നെ അതിനുള്ള തയാറെടുപ്പുകൾ സ്വീകരിക്കേണ്ടതുണ്ട്. ' ഭുവനേശ്വരിലേയും കട്ടകിലേയും 7,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മീഷണർ സുദൻസു സാരംഗി നൽകിയ നോട്ടീസിൽ പറയുന്നു.
ബോഡി മാസ് ഇന്റക്സ് കണക്കാക്കുന്നതിന് മുന്നോടിയായി എല്ലാ പൊലീസുകാരുടെയും ഉയരവും ഭാരവും അളക്കുമെന്ന് കമ്മീഷണർ പറഞ്ഞു. ബോഡി മാസ് ഇന്റക്സ് 30ൽ കൂടുതൽ ഉള്ളവർക്ക് ആരോഗ്യകരമായ ജീവിതശൈലി വീണ്ടെടുക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകും. നവംബറോടെ ഉദ്യോഗസ്ഥരുടെ ബോഡി മാസ് ഇന്റക്സ് 30ന് മുകളിൽ തന്നെയെങ്കിൽ അവർ നിർബന്ധമായും ആറ് ആഴ്ച നീണ്ട് നിൽക്കുന്ന റിഫ്രഷർ കോഴ്സിൽ പങ്കെടുക്കേണ്ടതുണ്ട്. നിർദ്ദേശങ്ങൾ ഗൗരവമായി കാണാത്ത പൊലീസുകാരെ തേടിയെത്തുക ശമ്പളം വെട്ടിക്കുറയ്ക്കൽ മുതൽ നിർബന്ധിത വിരമിക്കൽ വരെയാകും.
2017ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ പൊലീസുകാരും ഏറ്റവും ഉയർന്ന ശാരീരികക്ഷമതാ മാനദണ്ഡമായ ഷേപ് - 1 (Shape - 1) നിയമങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് കാട്ടി സംസ്ഥാനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു. ഭുവനേശ്വരിലെയും കട്ടകിലെയും പൊലീസുകാർക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഒഡീഷ പൊലീസ് അസോസിയേഷൻ സ്വാഗതം ചെയ്തു. എന്നാൽ നിലവിൽ 16 മണിക്കൂർ വരെയൊക്കെ ഡ്യൂട്ടിയിൽ തുടരുന്ന പൊലീസുകാരുണ്ടെന്നും, ദിവസവും വ്യായാമം ചെയ്യാൻ അവർക്ക് സമയം നൽകണമെന്നും ജോലി ഭാരം കുറയ്ക്കണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.