real-madrid-la-liga-champ

ഒരു കളി ശേഷിക്കേ ബാഴ്സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ ചാമ്പ്യൻസ്

മാഡ്രിഡ് : സ്പാനിഷ് ലാലിഗയിലെ സസ്പെൻസിന് വിരാമമിട്ട് റയൽ മാഡ്രിഡിന്റെ കിരീടധാരണം. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ തങ്ങളുടെ 34-ാമത് ലാ ലിഗ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം നേടിയിരുന്ന ബാഴ്സലോണയെ ഒരു മത്സരം കൂടിശേഷിക്കവേ പോയിന്റ് പട്ടികയിൽ പിന്തള്ളിയാണ് സിനദിൻ സിദാന്റെ കുട്ടികളുടെ കൊട്ടിക്കലാശം.തങ്ങൾ ചാമ്പ്യൻപട്ടത്തിലേക്ക് എത്തിയപ്പോൾ ബാഴ്സലോണ ഒസാസുനയോട് തോൽവിയേറ്റുവാങ്ങിയത് റയലിന്റെ സന്തോഷം ഇരട്ടിയാക്കി.

വിജയിച്ചാൽ കിരീടത്തിനായി അവസാന മത്സരംവരെ കാക്കേണ്ട എന്നതിനാൽ ഹോം ഗ്രൗണ്ടായ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ വർദ്ധിതവീര്യത്തോടെയാണ് റയൽ ഇറങ്ങിയത്. ലോക്ക്ഡൗണിന് ശേഷം മിന്നുന്ന ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് വിയ്യാറയലിനെതിരെ രണ്ട് ഗോളുകളും നേടിയത്.ഇരുപകുതികളിലുമായിട്ടായിരുന്നു ബെൻസേമയുടെ ഗോളുകൾ.29-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചിന്റെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ. 77-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് രണ്ടാം ഗോളും. 83-ാം മിനിട്ടിൽ ഇബോറയാണ് വിയ്യാറയലിന്റെ ആശ്വാസഗോൾ നേടിയത്.

ഇൗ വിജയത്തോടെ റയലിന് 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റായി. ബാഴ്സലോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 79 പോയിന്റിലേ എത്താനായിട്ടുള്ളൂ. ഞായറാഴ്ച നടക്കുന്ന അവസാന മത്സരങ്ങളിൽ റയൽ ലെഗനേസിനെയും ബാഴ്സലോണ ഡി പോർട്ടീവോ അലാവേസിനെയും നേരിടും.

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒസാസുന ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. ഹൊസെ അർനേയ്സിലൂടെ 15-ാം മിനിട്ടിൽ ഒസാസുന ലീഡ് നേടിയിരുന്നു. 62-ാം മിനിട്ടിൽ തകർപ്പനൊരു ഫ്രീ കിക്കിലൂടെ മെസി കളി സമനിലയിലാക്കിയതാണ്.എന്നാൽ കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ റോബർട്ടോ ടോറസ് നേടിയ ഗോളിന് ഒസാസുന മെസിപ്പടയെ ഞെട്ടിച്ചു കളഞ്ഞു.

റയൽ 99 നോട്ടൗട്ട്

34

സ്പാനിഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിൽ റയൽ മാഡ്രിഡ് ഇതുവരെ നേടിയ കിരീടങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ തവണ ലാ ലിഗ കിരീടം നേടുന്ന ക്ളബും റയൽതന്നെ .

66

ലാ ലിഗയ്ക്കൊപ്പം സ്പാനിഷ് ആഭ്യന്തര ലീഗുകളിലും ടൂർണമെന്റുകളിലുമായി റയൽ ആകെ നേടിയ കിരീടങ്ങളുടെ എണ്ണം.

26

യൂറോപ്യൻ കിരീടങ്ങളും മാഡ്രിഡിലെ മാന്ത്രികന്മാരുടെ അലമാരയിലെത്തിയിട്ടുണ്ട്.

7

ക്ളബ് ലോകകപ്പുകളിലും റയൽ ജേതാക്കളായി.

റയലിന്റെ ലാ ലിഗ നേട്ടങ്ങൾ ഇൗവർഷങ്ങളിൽ

1931–32, 1932–33, 1953–54, 1954–55, 1956–57, 1957–58, 1960–61, 1961–62, 1962–63, 1963–64, 1964–65, 1966–67, 1967–68, 1968–69, 1971–72, 1974–75, 1975–76, 1977–78, 1978–79, 1979–80, 1985–86, 1986–87, 1987–88, 1988–89, 1989–90, 1994–95, 1996–97, 2000–01, 2002–03, 2006–07, 2007–08, 2011–12, 2016–17, 2019–20

റയലിന്റെ സീസൺ

ഇൗ സീസണിൽ ഇതുവരെ നടന്ന 37 മത്സരങ്ങളിൽ 26 എണ്ണത്തിലും വിജയിച്ചാണ് റയൽ കിരീടം ചൂടുന്നത്. എട്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ റയൽ മൂന്നെണ്ണത്തിൽ മാത്രമേ തോൽവികൾ വഴങ്ങിയുള്ളൂ. ഇൗ സീസണിൽ ബാഴ്സലോണയ്ക്കെതിരായ എൽ ക്ളാസിക്കോകളിൽ ഒന്നിലും തോറ്റില്ല എന്നത് കിരീടവിജയത്തിന് അലങ്കാരമാണ്. ഡിസംബറിൽ നടന്ന എവേ മാച്ചിൽ ഗോൾരഹിത സമനില പാലിക്കുകയും മാർച്ചിൽ നടന്ന ഹോം മാച്ചിൽ 2-0ത്തിന് ജയിക്കുകയുമായിരുന്നു റയൽ.

ബാഴ്സലോണയ്ക്ക് ഇൗ സീസണിൽ 24 വിജയങ്ങളേ നേടാനായുള്ളൂ.ഏഴ് സമനിലകളും ആറ് തോൽവികളും.

10/10

ലോക്ക്ഡൗണിന് ശേഷം നടന്ന പത്തിൽ പത്ത് മത്സരങ്ങളിലും റയൽ വിജയം നേടി.ഇൗ സ്ഥിരതയാർന്ന പ്രകടനമാണ് ലോക്ക്ഡൗണിന് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന റയലിനെ ജേതാക്കളാക്കിയത്. ഒപ്പം ബാഴ്സലോണ മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയതും റയലിന് അനുഗ്രഹമായി.

11

റയൽ മാഡ്രിഡിന്റെ പരിശീലകനെന്ന നിലയിൽ 11-ാമത്തെ കിരീടമാണ് സിദാൻ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാമത്തെ ലാ ലിഗ കിരീടം. തുടച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ചരിത്രം കുറിച്ചു. രണ്ട് വീതം സ്പാനിഷ് സൂപ്പർ കപ്പുകളും യുവേഫ സൂപ്പർ കപ്പുകളും ഫിഫ ക്ളബ് ലോകകപ്പുകളും കൂടി സിദാൻ എന്ന പരിശീലകന്റെ അക്കൗണ്ടിലുണ്ട്. റയൽ മാഡ്രിഡ് കളിക്കാരനായി ഒരു തവണയേ 'സിസു'വിന് ലാ ലിഗ കിരീടമുയർത്താൻ കഴിഞ്ഞിട്ടുള്ളൂ.

കോച്ചിംഗ് കരിയറിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത് ലാ ലിഗ കിരീടമാണ്. ഒരുപക്ഷേ ചാമ്പ്യൻസ് ലീഗിനും മുകളിൽ. 38 മത്സരങ്ങളിൽ മികവുകാട്ടിയാലേ ലാ ലിഗ നേടാനാകൂ.എന്റെ കളിക്കാരുടെ അതുല്യമായ പ്രകടനത്തെ വാഴ്ത്താൻ വാക്കുകളില്ല.

- സിനദിൻ സിദാൻ

റയൽ കോച്ച്

10

ഗോളുകളാണ് റയൽ നായകൻ സെർജിയോ റാമോസ് ഇൗ സീസണിൽ നേടിയത്. അതിൽ അഞ്ചെണ്ണവും ലോക്ക്ഡൗണിന് ശേഷമാണ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഡിഫൻഡറെന്ന റെക്കാഡും സ്വന്തമാക്കി. 2015 മുതൽ റയലിനെ നയിക്കുന്ന റാമോസ് ലാ ലിഗ കപ്പുയർത്തുന്നത് രണ്ടാംവട്ടം.

ഞാൻ റയലിനെ വല്ലാതെ ഇഷ്ടപ്പെടുന്നു. ക്ളബ് ആവശ്യപ്പെടുന്നിടത്തോളം ഞാനിവിടെ കളിക്കും. റയലിനായി കളിച്ച് വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം.

സെർജിയോ റാമോസ്

റയൽ ക്യാപ്ടൻ