തിരുവനന്തപുരം: സ്വർണക്കടത്തിൽ കസ്റ്റംസിന് നിർണായകമായ കൂടുതൽ തെളിവുകൾ ലഭിച്ചു. വ്യാജ രേഖകൾ ചമയ്ക്കാൻ ഉപയോഗിച്ച ലാപ്ടോപ്പും സീലുകൾ നിർമ്മിക്കാൻ ഉപയോഗിച്ച യന്ത്രവുമാണ് പിടിച്ചെടുത്തത്. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ഇയാളെ കൂടുതൽ ചോദ്യംചെയ്യുകയാണ്. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി.കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും കസ്റ്റംസിന് വിലപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ സ്വർണക്കടത്തുകേസിലെ പ്രധാന പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂർ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ എല്ലാമുറികളിലും കസ്റ്റംസ് അധികൃതർ പരിശോധന നടത്തി. എന്തെങ്കിലും തെളിവുകൾ കിട്ടിയോ എന്ന് വ്യക്തമല്ല. ഫൈസൽ ഫരീദിന് നാടുമായി അധികം ബന്ധില്ലെന്നും ഒന്നരവർഷമായി അയാൾ ഇവിടേക്ക് വന്നിട്ടില്ലെന്നുമാണ് നാട്ടുകാരും ബന്ധുക്കളും കസ്റ്റംസിന് മൊഴിനൽകിയത്. ഇരുനില വീട്ടിലെ എല്ലാ മുറികളും പരിശോധിച്ചു. ഇവിടെനിന്ന് എന്തെങ്കിലും തെളിവുകിട്ടിയോ എന്ന് വ്യക്തമല്ല.