താമരപ്പൂവ് പോലെയുള്ള പാദങ്ങളെ പറ്റി സിനിമാ ഗാനങ്ങളിൽ കേട്ടിട്ടുണ്ട്. അല്ലാതെ അത്തരം പാദങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ശരിക്കും താമരപ്പൂ പാദങ്ങളുള്ള സ്ത്രീകളുണ്ട്. അങ്ങ് ചൈനയിൽ. അവിടത്തെ വിവാഹ മാർക്കറ്റിലും താമര പാദങ്ങൾക്ക് വലിയ ഡിമാൻഡ് ആണ്.
1912ൽ നിരോധിക്കപ്പെട്ട ഈ ആചാരത്തിന്റെ ഇരകൾ ഇപ്പോഴും തെക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ലിയൂയികുൻ എന്ന ഗ്രാമത്തിൽ ജീവിച്ചിരിക്കുന്നു.
കാലിന്റെ വിരലുകൾ ഒന്ന് മടങ്ങിയാൽ തന്നെ ഒരുപാട് വേദനിക്കും. അപ്പോൾ കാലിന്റെ വിരലുകൾ മുഴുവൻ ഒടിച്ചുമടക്കി ഒരു ഷൂസിനുള്ളിൽ ഒതുക്കിവച്ചാൽ അത് എത്ര വേദനാജനകമായിരിക്കും. പെൺകുട്ടികൾ വളരെ ചെറുപ്പത്തിലേ തന്നെ ആ ആചാരം പിന്തുടർന്നിരുന്നു. കുഞ്ഞുവിരലുകൾ ഒടിച്ച് ബാൻഡേജുകൊണ്ട് വരിഞ്ഞുകെട്ടി ചെറിയ ഷൂസിനകത്താക്കും. കാൽ വിരലുകളും ഉപ്പൂറ്റിയും തമ്മിലുള്ള അകലം കുറയ്ക്കാനായിരുന്നു കാലിന്റെ മുൻവശം തകർത്തുകൊണ്ടുള്ള ഈ പരീക്ഷണം. കാലുകൾ ത്രികോണ രീതിയിൽ ആക്കാൻ ആദ്യം ഔഷധസസ്യങ്ങളും മൃഗങ്ങളുടെ രക്തവും ചേർത്ത് കാലുകൾ കഴുകും. തുടർന്ന് അണുബാധ തടയുന്നതിന് നഖങ്ങൾ മുറിച്ചുമാറ്റും. അതിനുശേഷം, കാൽ വളരെ കഠിനമായി വളച്ച് വിരലുകൾ കാലിന്റെ ഉള്ളിലേക്ക് അമർത്തി കെട്ടും. എന്നിട്ട് വേദന കടിച്ചമർത്തി ഈ പെൺകുട്ടികൾ നടന്നു തുടങ്ങും.
ക്രമേണ കാൽ വിരലുകളുടെ ആകൃതി മാറി തുടങ്ങും. അക്കാലത്ത് സമ്പന്നരും സൽസ്വഭാവികളുമായ പുരുഷന്മാരെ ഭർത്താവായി കിട്ടുക എന്നതാണ് ഈ വേദന സഹിക്കുന്നതിന് പിന്നിലെ ലക്ഷ്യം. പക്ഷേ പുരുഷൻമാരുടെ ആശയം മറ്റൊന്നായിരുന്നു. ഭാര്യമാരെ വീട്ടിൽ നിർത്താനും വീട്ടുജോലികൾ ചെയ്യിക്കാനുമുള്ള ഒരു മാർഗമായിരുന്നു ഇത്.
മൂന്ന് വയസുമുതൽ പെൺകുട്ടികൾ ശരിക്ക് നടക്കാനോ, നൃത്തം ചെയ്യാനോ , കളിക്കാനോ സാധിക്കാതെ വീടിനുള്ളിൽ തന്നെ അടച്ചിരിക്കും.പിന്നീട് കാലുകൾ കെട്ടിവയ്ക്കുന്നതിന് പുറമെ ഇവരെ കൂടുതൽ കഠിനമായ ശാരീരിക അദ്ധ്വാനമുള്ള ജോലികൾ ചെയ്യിക്കാൻ തുടങ്ങി. ചെറിയകാലുകൾ വച്ച് ഒരു തൊഴിലിനും പോകാനാവാതെ പലരും പട്ടിണിയിലായി. അങ്ങനെ പുരുഷന്മാരുടെ സൗന്ദര്യസങ്കൽപ്പം ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം ഇരുട്ടിലാക്കി. ആചാരം നിറുത്തലാക്കിയതോടെ ഒരുപാട് പെൺകുട്ടികൾക്കാണ് സമാധാനം കിട്ടിയത്.