tiger

ദിസ്‌പൂർ: കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടു വന്ന കടുവയെ ഒടുവിൽ കാട്ടിലേയ്ക്ക് തന്നെ മടക്കി അയച്ചിരിക്കുകയാണ് അസമിലെ കാസിരംഗ നാഷണൽ പാർക്ക് ആന്റ് ടൈഗർ റിസർവ് കേന്ദ്രത്തിലെ അധികൃതർ. വെള്ളപ്പൊക്കത്തെ തുടർന്ന് പാർക്കിന്റെ 85 ശതമാനവും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നാണ് ഒരു പെൺകടുവയെ ജീവനക്കാർ കാട്ടിലേയ്ക്ക് തന്നെ മടക്കി അയച്ചത്. വെള്ളപൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തി രണ്ട് ദിവസം കഴിഞ്ഞാണ് അഭിനന്ദനാർഹമായ നടപടി ടൈഗർ റിസർവ് കേന്ദ്രത്തിൽ നിന്നുണ്ടായത്.

കടുവയെ ഒരു വാഹനത്തിനകത്ത് കൂട്ടിലാക്കിയ ശേഷം വനപാലകരുടെ സാന്നിദ്ധ്യത്തിൽ കാട്ടിലേയ്ക്ക് വിട്ടയക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിനിടെ ചൊവാഴ്ചയോടെ പെൺകടുവയെ കാണാതാവുകയായിരുന്നു. തുടർന്ന് മൃഗശാലയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമത്തിൽ നിന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിടികൂടുകയായിരുന്നു. ശേഷം പാർക്കിന് സമീപം ബോർജൂരിയിലുള്ള സെന്റർ ഫോർ വൈൽഡ്‌ലൈഫ് റിസർച്ച് ആൻഡ് കൺസർവേഷൻ (സി.ഡബ്ല്യു.ആർ.സി) ലേക്ക് മാറ്റുകയായിരുന്നു.

രണ്ട് ദിവസമാണ് കടുവയെ സി.ഡബ്ല്യു.ആർ‌.സിയിൽ നിരീക്ഷണത്തിലാക്കിയത്. മൃഗഡോക്ടർമാരും സി.ഡബ്ല്യു.ആർ.സി ഉദ്യോഗസ്ഥരും കടുവയുടെ ആരോഗ്യപരിശോധന നടത്തി പരിക്കില്ലെന്നും പ്രകൃതിയുടെ മടിയിൽ സുരക്ഷിതരായിരിക്കുമെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് കാട്ടിലേക്ക് തിരികെ വിടാൻ തീരുമാനിക്കുകയുമായിരുന്നു.

മൃഗത്തെ രക്ഷിക്കുന്നതിലും മോചിപ്പിക്കുന്നതിലും പങ്കാളികളായ എല്ലാ വനം ഉദ്യോഗസ്ഥർക്കും താൻ നന്ദി പറയുന്നുവെന്നും കടുവ കാട്ടിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷുൽ അലി പറഞ്ഞു. തിങ്കളാഴ്ച മറ്റൊരു പുരുഷ കടുവ പാർക്കിലെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേയ്ക്ക് വന്നിരുന്നു. കുറച്ച് മണിക്കൂറുകൾ പുറത്ത് ചെലവഴിച്ച ശേഷം മൃഗം പാർക്കിനുള്ളിലേക്ക് തിരിച്ചുപോവുകയായിരുന്നു.

മൺസൂൺ കാലത്ത് അസാമിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 86 കാട്ടുമൃഗങ്ങൾക്കാണ് പാർക്കിലും പരിസരത്തുമായി ജീവൻ നഷ്‌ടമായത്. ഒരു വയസുള്ള പെൺ കാണ്ടാമൃഗം അടക്കം 125 മൃഗങ്ങളെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്.