france-minister

പാരീസ്: കൊവിഡ് വ്യാപനം ശക്തമായതോടെ സമൂഹജീവിതത്തിൽ മാസ്‌ക് അവിഭാജ്യഘടകമായി മാറിയെങ്കിലും പലർക്കും അതത്ര ഉൾക്കൊള്ളനായിട്ടില്ല. വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാൻ ആരോഗ്യവകുപ്പും, സർക്കാരുമൊക്കെ മാസ്‌ക് ധരിക്കണമെന്ന നിർദേശം കർശനമാക്കി. എന്നിട്ടും ശീലമില്ലാത്തതിനാൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ മറക്കുന്നവരേറെയാണ്. ഓർമവരുമ്പോൾ പെട്ടെന്ന് വീട്ടിലേക്കോടി മാസ്‌ക് എടുക്കാറുമുണ്ട്.

അത്തരമൊരു അബദ്ധമാണ് ഫ്രാൻസിലെ വ്യവസായ മന്ത്രിയ്ക്കും സംഭവിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ മന്ത്രി ആഗ്നസ് പെന്നീർ കാറിൽ നിന്നിറങ്ങി മുന്നോട്ടു നടക്കുന്നതിനിടെയാണ് മാസ്‌ക് ധരിച്ചില്ലെന്ന് ഓർത്തത്. ഉടൻ തന്നെ വായ പൊത്തി മന്ത്രി കാർ ലക്ഷ്യമാക്കി ഓടി. ഈ കാഴ്ച കണ്ട ചിലർ മന്ത്രിയുടെ വായപൊത്തി ഓട്ടം പകർത്തി സോഷ്യൽമീഡിയയിലിട്ടു. സംഗതി വൈറലായി.

എന്തായാലും മന്ത്രി കാറിന് അടുത്തെത്തും മുമ്പെ ഒരു ഉദ്യോഗസ്ഥൻ മന്ത്രിക്ക് മാസ്ക് നൽകുകയും അവരത് ധരിക്കുകയും ചെയ്തു. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു.