ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പറ്റിയ കാലമാണ് കർക്കടകം. ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശക്തിയും ആർജിക്കാനുള്ള അനുകൂല കാലമാണ് കർക്കിടകമെന്ന് ആയുർവേദം പറയുന്നു. ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. പത്തിലക്കറിവയ്ക്കാലാണ് കർക്കിടക്കത്തിലെ പ്രധാന രീതി.
വ്യത്യസ്തങ്ങളായ10 തരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ ചെറുതായി നുറുക്കിയെടുത്ത് ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേർത്തുവയ്ക്കുന്നതാണ് പത്തിലക്കറി. ഇതിനായി തിരഞ്ഞെടുക്കുന്ന ചെടികൾക്കു ദേശഭേദങ്ങളുണ്ട്. ചിലയിടങ്ങളിൽ മുക്കാപ്പിരി, തഴുതാമ, പയർ തുടങ്ങിയ ഇലകൾ പത്തിലകളിൽപ്പെടുന്നു.
ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകൾ എന്നിവ ആനക്കൊടിത്തൂവയിൽ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകൾ പറിച്ച്, ഗ്ലൗസിട്ട കൈകൾ കൊണ്ടു കശക്കി ഇതിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ ശേഷം വേണം ഉപയോഗിക്കാൻ. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്.
കുമ്പളമാണ് മറ്റൊരു പ്രധാന ചേരുവ. ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമുള്ള കുമ്പളം ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകൾ പറിച്ചെടുത്തു കൈപ്പത്തികൾക്കിടയിൽ വച്ച് തിരുമ്മി, ഇലയിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ് കറിവയ്ക്കാം.
കാത്സ്യം, ഫോസ്ഫറസ്, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ ധാരാളമിയി അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാത-കഫ-പിത്ത ദോഷങ്ങൾ നിയന്ത്രിക്കും.
വെള്ളരിയിലയിൽ ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാം. ശിവലിംഗക്കായഎന്നറിയപ്പെടുന്ന നെയ്യുണ്ണിയുടെ ഇലകൾ ദുർമേദസ്, നീര്, പനി, ചുമ, ത്വക്ക്‌രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് നല്ലതാണ്. മൂക്കാത്ത ഇലകൾ വേണം കറിക്കെടുക്കാൻ.
ചീരയുടെ മൂക്കാത്ത തണ്ടുകളും ഇലകളുവെണം കറിയ്ക്കെടുക്കാൻ. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകൾ എന്നിവ ഇവയിൽ ധാരാളം. നേത്രരോഗങ്ങൾ, വാത-കഫ-പിത്ത ദോഷങ്ങൾ എന്നിവ ശമിപ്പിക്കും. ക്ഷീണം, വിളർച്ച എന്നിവയെ അകറ്റും.
കാത്സ്യം, ഫോസ് ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് താള് . തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. നുറുക്കി പുളിവെള്ളത്തിലിട്ട് തിളപ്പിച്ചോ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടിതൂകി വച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ.
കാൽസ്യം, ഫോസ് ഫറസ്, ധാതുക്കൾ ചേമ്പിൽ അടങ്ങിയിട്ടുണ്ട്. തണ്ടുകളും വിടരാത്ത ഇലകളുമാണ് കറിയിൽ ഉപയോഗിക്കേണ്ടത്. ഇവയുടെ ഭൂകാണ്ഡത്തിൽ അന്നജം ഏറെയുണ്ടെന്നും അറിയണം.
ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീൻ, കാൽസ്യം, ഫോസ് ഫറസ്, ഭക്ഷ്യനാരുകൾ എന്നിവ ധാരാളമായി ചേനയിലുണ്ട്. ഭൂകാണ്ഡത്തിലെ ഏക അഗ്രമുകുളത്തിൽ നിന്നുണ്ടാകുന്ന പച്ചനിറമുള്ള ഒറ്റത്തണ്ടും അതിന്റെയറ്റത്തു വിടർന്നുവരുന്ന തളിരിലയുമാണ് കറിയ്ക്കെടുക്കേണ്ടത്.
തകരയിൽ ഔഷധഗുണം ഒട്ടേറെ. ദഹനശേഷി കൂട്ടും. ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകൾ കൊണ്ടാണ് കറിവയ്ക്കേണ്ടത്.