വാഷിംഗ്ടൺ: ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. കൊവിഡ് പരിശോധനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണ്. 42 ദശലക്ഷം പരിശോധനകളാണ് അമേരിക്ക നടത്തിയത്. ഇന്ത്യ 12 ദശലക്ഷം പരിശോധന നടത്തി. അമേരിക്കയിൽ പരിശോധന നടത്തിയവരിൽ 3.5 മില്യൺ ആളുകൾക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിക്കുകയും 1,38,000 പേർ മരിക്കുകയും ചെയ്തു.
'ഞങ്ങൾ 42 മില്യണിലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 12 മില്യൺ ആളുകളിൽ പരിശോധന നടത്തി ഇന്ത്യയാണ് തൊട്ടുപിന്നിലുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയിട്ടുള്ളത് ഞങ്ങളാണ്.' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ പ്രത്യാശയുള്ള വാർത്തകൾ എത്തുമെന്നും മക്കനി പറഞ്ഞു. ജൂലായ് അവസാനത്തോടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയെന്നും അവർ കൂട്ടിച്ചേർത്തു.
മരണം 6,00,000ത്തിലേക്ക്
ലോകത്ത് കൊവിഡ് ഗ്രാഫ് ഉയർന്ന് തന്നെ. ലോകത്താകെ കൊവിഡ് മരണം ആറുലക്ഷത്തിലേക്ക് അടുക്കുന്നു. ദിനം പ്രതി 5700ഓളം പേർ മരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 65,000ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയിൽ ആകെ രോഗികളുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. ബ്രസീലില്‍ 43,000ൽ അധികം പേർക്കും ദക്ഷിണാഫ്രിക്കയിൽ 13,000ലേറെ പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.
കൊവിഡ് മീറ്റർ
(രോഗികൾ - മരണം)