1971 ഡിസംബർ 24, 17 കാരി ജൂലിയൻ കോപ്കെയും അമ്മ മരിയയും പെറുവിലെ ലിമ എയർപോർട്ടിൽ നിന്നും ലാൻസ ഫ്ലൈറ്റ് 508 എന്ന വിമാനത്തിൽ യാത്രപുറപ്പെട്ടു. പെറുവിലെ പാൻഗുവാന എന്ന ഗവേഷണ കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ഏകദേശം ഒരു മണിക്കൂറോളം നീണ്ട യാത്രയായിരുന്നു അത്.
യാത്ര തുടങ്ങി 30 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും കാലാവസ്ഥ മോശമായി. ശക്തമായ കാറ്റും മിന്നലുമുണ്ട്. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. വിമാനം മിന്നലേറ്റ് തകർന്നു. 'എല്ലാം കഴിഞ്ഞു...! ' അപകടത്തിന് തൊട്ടുമുമ്പ് അമ്മ പറഞ്ഞ ഈ വാക്കുകൾ മാത്രമാണ് ജൂലിയന് ഓർമ. പെറുവിയൻ ആമസോണിയൻ വനാന്തരങ്ങൾക്ക് 10,560 അടി മുകളിൽ വച്ച് വിമാനം തകർന്നു. വിമാനത്തിൽ നിന്നും ജൂലിയൻ തെറിച്ചു താഴേക്ക് പതിച്ചു. എന്നാൽ ജൂലിയൻ സീറ്റ് ബെൽറ്റോട്കൂടിയാണ് പുറത്തേക്ക് തെറിച്ചത്. ജൂലിയനെ സീറ്റിനോട് ചേർത്ത് നിറുത്തിയിരുന്ന ആ ബെൽറ്റ് തന്നെയാണ് ജൂലിയന് തുണയായത്. ജൂലിയൻ ഇരുന്ന സീറ്റിനൊപ്പം ആ നിരയിലുള്ള രണ്ട് സീറ്റുകൾ കൂടി ചേർന്നിരുന്നു. മരച്ചില്ലകൾക്കും ഇലകൾക്കും ഇടയിലൂടെ ജൂലിയൻ ആ സീറ്റുകൾക്കൊപ്പം താഴേക്ക് പതിച്ചു.
നിലത്ത് പതിച്ച് ഏറെ നേരങ്ങൾക്ക് ശേഷം ബോധം വീണ്ടെടുത്ത ജൂലിയന്റെ ഒരു തോളെല്ല് പൊട്ടിയിരുന്നു. കാലിലും കൈകളിലും മുറിവുകൾ ഉണ്ടായിരുന്നു. എങ്കിലും ജൂലിയന് നടക്കാൻ സാധിക്കുമായിരുന്നു. ഘോരവനത്തിനുള്ളിൽ ഒറ്റപ്പെട്ട ജൂലിയൻ വിമാനത്തിലുണ്ടായിരുന്ന തന്റെ അമ്മയേയും സഹയാത്രികരെയും തേടി നടന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. വിമാനം കാടിന്റെ പല ഭാഗങ്ങളിലേക്കാണ് തെറിച്ചു വീണത്. അതേ സമയം, ജൂലിയന്റെ അമ്മയും അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നെന്നും എന്നാൽ ദിവസങ്ങളോളമോ ആഴ്ചകളോളമോ വനത്തിൽ പരിക്കേറ്റ് കിടന്നാണ് അവർ മരിച്ചതെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി.
ജൂലിയന് വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു ബാഗ് ലഭിച്ചിരുന്നു. മധുര പലഹാരങ്ങളായിരുന്നു അതിനുള്ളിൽ. ആമസോൺ കാടുകളിലൂടെ ആ ബാഗുമായി ജൂലിയൻ യാത്ര തുടങ്ങി. ഒരു ചെറിയ അരുവി കണ്ടു. ' അരുവികൾ നദികളിലേക്ക് ഒഴുകിയെത്തും. അവിടെ ആളുകളുമുണ്ടാകും...' ജീവശാസ്ത്രജ്ഞനായ പിതാവിന്റെ വാക്കുകൾ ജൂലിയന് ഓർമ വന്നു. ജൂലിയന്റെ അമ്മ പക്ഷി നിരീക്ഷകയായിരുന്നു. ഗവേഷകരായ മാതാപിതാക്കളോടൊപ്പം കാട്ടിൽ കഴിഞ്ഞിട്ടുള്ളതിനാൽ വനം ജൂലിയന് മുന്നിൽ ഭയത്തിന്റെ മറ തീർത്തില്ല. ജർമൻ വംശജരായ ഹാൻസ് വിൽഹം കൊപ്കെയുടെയും മരിയയുടെയും ഏകമകളായിരുന്നു ജൂലിയൻ. ജൂലിയന്റെ മാതാപിതാക്കൾ പെറുവിലെ ലിമയിലെ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
10 ദിവസം നദിയുടെ ഒഴുക്കിനൊപ്പം കാട്ടിലൂടെ ജൂലിയൻ നടന്നു. നദിയിൽ നിന്നും പിരാന മത്സ്യങ്ങളുടെ ആക്രമണമുണ്ടായെങ്കിലും ജൂലിയൻ അതിനെ അതിജീവിച്ചു. ഒടുവിൽ ഒരു മരക്കുടിലിന് മുന്നിലെത്തി ജൂലിയൻ. കുടിലിനുള്ളിൽ കുറച്ച് പെട്രോൾ ഇരിക്കുന്നത് ജൂലിയന്റെ ശ്രദ്ധയിൽപ്പെട്ടു. ജൂലിയൻ കുറച്ച് പെട്രോൾ എടുത്ത് കൈയ്യിലെ മുറിവ് വൃത്തിയാക്കി. മുറിവിൽ പുഴു അരിച്ച് തുടങ്ങിയിരുന്നു. പുഴുക്കളെ തുരത്താനുള്ള ഈ വിദ്യയും ജൂലിയൻ തന്റെ പിതാവിൽ നിന്നും പഠിച്ചതാണ്.
ശരിക്കും ആ കുടിൽ ഒരു കൂട്ടം തടിവെട്ടുകാരുടേതായിരുന്നു. അപൂർവമായാണ് അവർ ഇവിടെ സന്ദർശിച്ചിരുന്നത്. ഭാഗ്യവശാൽ അന്നേ ദിവസം അവർ ഈ കുടിലിൽ എത്തുകയും ബോധരഹിതയായി കിടക്കുന്ന ജൂലിയനെ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് അവർ ജൂലിയനെ തങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിക്കുകയും പുകാൽപ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂലിയന്റെ അച്ഛൻ വിവരമറിഞ്ഞ് മകളെ തേടി ആശുപത്രിയിലേക്കെത്തി. പരിക്കുകൾ ഭേദമായതോടെ വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള സംഘത്തിനൊപ്പം ജൂലിയനുമുണ്ടായിരുന്നു. 1972 ജനുവരി 12ന് ജൂലിയന്റെ അമ്മയുടെ മൃതദേഹം കണ്ടെത്തി. ജൂലിയൻ ഒഴിച്ച് വിമാനത്തിലുണ്ടായിരുന്ന 91 പേരും മരിച്ചിരുന്നു.
ശരിക്കും ജൂലിയന്റെ അതിജീവനം ഏവരെയും അത്ഭുതപ്പെടുത്തി. ചൂടും മൃഗങ്ങളും പ്രാണികളും പാമ്പുകളുമെല്ലാം നിറഞ്ഞ ആമസോൺ വനാന്തരങ്ങൾക്കുള്ളിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവർ ഏറെയാണ്. വഴി കണ്ടെത്താനാകാതെ പട്ടിണി കിടന്ന് മരിച്ചേക്കാം. എന്നാൽ അച്ഛനമ്മമാരിൽ നിന്നും ചെറുപ്പത്തിൽ തന്നെ പഠിച്ച പാഠങ്ങൾ ജൂലിയന് വഴികാട്ടിയായി.
ഇന്ന് ജൂലിയൻ അറിയപ്പെടുന്ന ഒരു ജന്തുശാസ്ത്രജ്ഞയാണ്. ' വെൻ ഐ ഫെൽ ഫ്രം ദ സ്കൈ: ദ ട്രൂ സ്റ്റോറി ഒഫ് വൺ വുമൺ'സ് മിറാക്കുലസ് സർവൈവൽ ' എന്ന പുസ്തകത്തിലൂടെ ജൂലിയൻ തന്റെ അതിജീവനത്തിന്റെ കഥ പറയുന്നു. ജൂലിയന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.