kodiyeri

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ളോമാ‌റ്റിക് പാർസൽ വഴി വന്ന സ്വർണം പിടിച്ചെടുത്ത കസ്‌റ്റംസ് നടപടി രാഷ്ട്രീയ ആയുധമാക്കി സ‌ർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു.

കേസ് അന്വേഷിക്കുന്നത് ഏത് ഏജൻസിയായാലും മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്. കേസന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ ആദ്യം ആരോപിച്ചിരുന്നു. ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു.എന്നാൽ കസ്റ്രംസുമായി ഇടപെട്ടത് ബിജെപി-ബിഎംഎസ് നേതാവ് ആണ് എന്ന് പിന്നീട് പുറത്ത് വന്നെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെതിരെയും സിപിഎമ്മിനെതിരായും ആസൂത്രിതമായ നീക്കമാണ് പ്രതിപക്ഷം നടത്തിയത്. എൻഐഎയോ ഏത് കേന്ദ്ര ഏജൻസിയായാലും അന്വേഷിക്കട്ടെ.എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. സ്വർണകടത്ത് കേസിൽ പിടികൂടിയ വിവാദ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ആഫീസിലുണ്ടായിരുന്ന ആഫീസറുമായി ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം വന്നപ്പോൾ തന്നെ അയാളെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതി അന്വേഷിച്ച് പിന്നീട് ആ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എൻഐഎയുടെയോ കസ്റ്റംസിന്റെയോ അന്വേഷണത്തിൽ മുഖ്യമന്ത്രിയുമായി കേസിന് ബന്ധമുണ്ടെന്ന് റിപ്പോർട്ട് വന്നിട്ടില്ല. എന്നാൽ പ്രതിപക്ഷം സർക്കാരിനെ അസ്ഥിരപ്പെടുത്താനും ആരോപണം ഉന്നയിക്കുന്നത് തുടരുന്നു. രാഷ്ട്രീയലക്ഷ്യം മാത്രമാണ് കോൺഗ്രസിനും ബിജെപിക്കുമുള‌ളത്. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ പിൻതുണ പ്രഖ്യാപിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഒരുഭാഗത്ത് കോൺഗ്രസും മുസ്ളിം ലീഗും മറുഭാഗത്ത് ബിജെപിയും ചേർന്ന് സമരകോലാഹലമാണ് നാട്ടിൽ നടക്കുന്നത്. കോവിഡ് നിബന്ധന ലംഘിച്ച് സമരം നടക്കുകയുണ്ടായി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടതോടെ യുഡിഎഫ് സമരം നിർത്തി.എന്നാൽ ബിജെപി അത് അനനുസരിച്ചില്ല. കൂട്ടം കൂടാൻ പാടില്ലെന്ന് പറഞ്ഞത് നരേന്ദ്രമോദി സർക്കാരാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. സ്വർണക്കടത്തിൽ പെട്ടവരെ കണ്ടെത്തുന്നതിന് സഹായിക്കേണ്ടതിന് പകരം സമരകോലാഹലത്തിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി. കോടിയേരി ആരോപിച്ചു.

രാജ്യത്ത് പല സർക്കാരിനെയും ബിജെപി അട്ടിമറിച്ച് അവരുടെ സർക്കാരിനെ പ്രതിഷ്ഠിച്ചു. കേരളത്തിൽ അത് സാധ്യമല്ല. നിയമസഭയിൽ ഒന്നും ചെയ്യാനാകാത്ത ബിജെപി സഭക്ക് പുറത്ത് വിമോചന സമരം പോലുള‌ള അക്രമസമരത്തെ നടത്തി സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുകയാണ് ഇതിന് കോൺഗ്രസും മുസ്ളിം ലീഗും കൂട്ടുനിൽക്കുന്നതിന്റെ ലക്ഷ്യമെന്ത്? ഇവർ കേസ് വഴിതിരിച്ച് വിടാനും പുകമറ സൃഷ്ടിക്കാനും നോക്കുന്നു. ആരോപണത്തിന് തെളിവുണ്ടെങ്കിൽ എൻഐഎക്കും കസ്റ്രംസിനും നൽകിയാൽ പോരെയെന്നും കോടിയേരി ചോദിച്ചു.

പ്രതിപക്ഷം സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടുവരും എന്ന് പറയുന്നു. സഭയിൽ സർക്കാരിന് വ്യക്തമായ പിന്തുണയുണ്ടെന്ന് തെളിയും. അത് അവിശ്വാസപ്രമേയം തള്ളിപോകുന്നതോടെ പ്രതിപക്ഷം അറിയും. അരാജക സമരം സംഘടിപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള‌ളതിനെതിരെ ആഗസ്‌റ്റ് മാസം ആദ്യം പാർട്ടി പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും കോടിയേരി അറിയിച്ചു.