
കൊവിഡ് വ്യാപനത്തിനൊപ്പം കേട്ടു തുടങ്ങിയ പദമാണ് സാമൂഹിക അകലം. കൊവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് വിമാനത്തിലുള്‍പ്പടെ ഒന്നിടവിട്ട സീറ്റുകള്‍ ഒഴിച്ചിട്ടായിരുന്നു യാത്രക്കാരെ കൊണ്ടുവന്നിരുന്നത്. എന്നാല്‍ പിന്നീട് വിമാന കമ്പനികള്‍ ഇതു ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുള്‍പ്പടെ വിശദീകരണം വിമാനകമ്പനികളോട് ചോദിച്ചിരുന്നു. ഒന്നിടവിട്ട് സീറ്റുകളില്‍ യാത്രക്കാരെ ഒഴിവാക്കിയാല്‍ ടിക്കറ്റി നിരക്കില്‍ വന്‍വര്‍ദ്ധന വേണ്ടിവരുമെന്ന കാരണത്താലാണ് വന്ദേ ഭാരത് മിഷനിലടക്കം ഈ പദ്ധതി കുറച്ച് ദിവസത്തിനുശേഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കാശുണ്ടെങ്കില്‍ ഇപ്പോഴും വിമാനത്തില്‍ സാമൂഹിക അകലം പാലിച്ച് സഞ്ചരിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്‍ഡിഗോ വിമാന കമ്പനി. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, യാത്രചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത സീറ്റുകൂടി ബുക്ക് ചെയ്യണം. നിരവധി പേര്‍ ഈ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നാണ് കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് റവന്യൂ ഓഫീസറായ സഞ്ജയ് കുമാര്‍ പറയുന്നത്.
അടുത്ത സീറ്റുകൂടി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍ഡിഗോ വെബ്‌സൈറ്റില്‍ കൂടി ടിക്കറ്റെടുത്താല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ഗ്രൂപ്പ് സീറ്റ് ബുക്കിംഗില്‍ ഈ സേവനം ലഭിക്കുകയുമില്ല. യാത്രയ്ക്ക് ഇരുപത്തിനാല് മണിക്കൂര്‍ മുമ്പായി സീറ്റ് ബുക്ക് ചെയ്യണം, കൂടാതെ യാത്ര ചെയ്യുന്ന സീറ്റ് മുന്‍കൂട്ടി തിരഞ്ഞെടുക്കുകയും വേണം. ഇങ്ങനെ ബുക്ക് ചെയ്യുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് മറിച്ച് നല്‍കുവാനൊ, മറ്റൊരു യാത്രക്കാരനെ കൊണ്ടുവരാനുമോ കഴിയുന്നതല്ല. 25 ശതമാനം വരെ നിരക്കിളവും ഈ അധിക സീറ്റ് ബുക്കിംഗിന് ലഭിച്ചേക്കും. ഈ മാസം 24 മുതലുള്ള യാത്രയിലാണ് ഈ സൗകര്യം ഉണ്ടായിരിക്കുക. കാശുണ്ടെങ്കില്‍ ഇനി ആകാശത്തും സാമൂഹിക അകലമെന്ന സൗകര്യം ലഭിക്കും എന്നതാണ് ഈ സേവനത്തിലൂടെ ഇന്‍ഡിഗോ ലക്ഷ്യം വയ്ക്കുന്നത്. താമസിയാതെ രാജ്യത്തെ മറ്റ് വിമാന കമ്പനികളും ഈ പദ്ധതി നടപ്പിലാക്കിയേക്കാം.