kochi-port

കൊച്ചി: കൊച്ചി തുറമുഖത്തെ വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിന്റെ (ഐ.സി.ടി.ടി) നിയന്ത്രണാധികാരമുള്ള ഡി.പി. വേൾഡ്, ചരക്കുനീക്കത്തിന് പ്രത്യേക ഫീസിളവ് നൽകുന്നത് കേരളത്തിന് പുറത്തുനിന്നുള്ള ഇടപാടുകാർക്ക് മാത്രം. കൊവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്‌ടിച്ച നിലവിലെ സാഹചര്യത്തിൽ കേരളത്തിനകത്തെ ഇടപാടുകാർക്കും ഇളവ് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

തുറമുഖത്തേക്ക് കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനാണ് ടെർമിനൽ ഹാൻഡ്‌ലിംഗ് ചാർജിൽ ഉൾപ്പെടെ ഇളവുകൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഇടപാടുകാർക്ക് നൽകുന്നത്. ഇത്, എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് കേരളത്തിൽ നിന്നുള്ള കയറ്റുമതി-ഇറക്കുമതിക്കാരുടെ ആവശ്യം.

തുറമുഖത്ത് നിശ്‌ചിത ദിവസം ചരക്കുകൾ (കാർഗോ) സൗജന്യമായി (ഫ്രീ പീരീഡ്) സൂക്ഷിക്കാനാകും. ഫ്രീ പിരീഡിന് ശേഷമുള്ള സ്‌റ്റോറേജിന് ഈടാക്കുന്ന 'ഡെമറേജ്" ഫീ, കയറ്രുമതി-ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് പ്രത്യേകമുള്ള ഫീ തുടങ്ങിയവയിലാണ് മറ്റു സംസ്ഥാനങ്ങളിലെ ഇടപാടുകാർക്ക് നിരക്കിളവ്. ടെർമിനൽ വഴിയുള്ള ചരക്കുനീക്കത്തിന്റെ സിംഹഭാഗവും കേരളത്തിൽ നിന്നാണെങ്കിലും ഏതാനും വർഷങ്ങളായി ഇതു കുറയുകയാണ്.

ഈ സാഹചര്യത്തിലാണ്, ടെർമിനലിന്റെ വളർച്ചാനിരക്ക് ഉയർന്നതലത്തിൽ നിലനിറുത്താനായി കോയമ്പത്തൂർ, പൊള്ളാച്ചി, ബംഗളൂരു ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് 'ആകർഷക ഡിസ്‌കൗണ്ട്" വാഗ്ദാനം ചെയ്‌ത് ഇടപാടുകാരെ കൊച്ചിയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ,​ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ആനുകൂല്യം കേരളത്തിൽ നിന്നുള്ളവർക്ക് കൂടി നൽകണമെന്നാണ് ആവശ്യം.

33.33%

ടെർമിനലിൽ നിന്നുള്ള വരുമാനത്തിന്റെ 33.33 ശതമാനം കൊച്ചി തുറമുഖ ട്രസ്‌റ്രിന് ഡി.പി. വേൾഡ് നൽകണമെന്നാണ് ചട്ടം. ഈ വിഹിതത്തിൽ കൊച്ചി തുറമുഖ ട്രസ്‌റ്ര് അനുവദിക്കുന്ന ഇളവ് ഡി.പി. വേൾഡ് ഷിപ്പിംഗ് ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഷിപ്പിംഗ് ഏജൻസികളാണ് ഇടപാടുകാർക്ക് ആനുകൂല്യം കൈമാറേണ്ടത്. ആനുകൂല്യം, കേരളത്തിന് വെളിയിലുള്ളവർക്ക് മാത്രമേ ഇപ്പോൾ കിട്ടുന്നുള്ളൂ.

ലോക്ക്ഡൗണിലെ

സൗജന്യം

ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ മാർച്ച് 22 മുതൽ മേയ് മൂന്നുവരെയുള്ള കാലയളവിൽ തുറമുഖത്ത് ചരക്കുകൾ സൗജന്യമായി സൂക്ഷിക്കാൻ അനുവദിക്കണമെന്ന് കൊച്ചി ഉൾപ്പെടെ 12 മേജർ തുറമുഖങ്ങൾക്കും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദേശം നൽകിയിരുന്നു. ലോക്ക്ഡൗണിൽ ചരക്കുനീക്കത്തിന് ഇടപാടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിന് പിഴ ഈടാക്കരുതെന്നും നിർദേശമുണ്ട്.

59%

കഴിഞ്ഞ മേയിൽ ഏപ്രിലിനേക്കാൾ 59 ശതമാനം വളർച്ചയോടെ 42,000 ടി.ഇ.യു കണ്ടെയ്‌നറുകൾ ഡി.പി. വേൾഡ് കൈകാര്യം ചെയ്‌തു. 35 വെസലുകളുമെത്തി. റെയിൽ മാർഗം ടെർമിനലിലേക്ക് 1,500 ടി.ഇ.യു കണ്ടെയ്‌നറുകളും വന്നു. ലോക്ക്ഡൗണിന് മുമ്പ് പ്രതിമാസ ശരാശരി റെയിൽ ചരക്ക് 300 ടി.ഇ.യു മാത്രമായിരുന്നു. മണിക്കൂറിൽ 32 ക്രെയിൻ മൂവ്‌മെന്റ് നടന്നു. ഇത്, ആഗോള ശരാശരിക്കൊപ്പമാണ്. 27 മിനുട്ട് മാത്രമായിരുന്നു ട്രക്ക് ടേൺ എറൗണ്ട് ടൈം.