മലപ്പുറം : സ്കൂൾ മുറ്റത്ത് നിന്ന് ക്ലാസെടുക്കുന്ന ടീച്ചർമാരുടെ അടുത്ത് കടുവ, സിംഹം, നായ, കരടി, പൂച്ച എന്നിങ്ങനെയുള്ള ജീവികൾ. ഓൺലൈൻ ക്ലാസ് കാണാനിരുന്ന വിദ്യാർത്ഥികളെല്ലാം അമ്പരന്നു. ഈ കടുവയും സിംഹവുമൊക്കെ എവിടെ നിന്ന് വന്നെന്നായി ചോദ്യം. പാഠഭാഗം മനസിലാക്കി തരാനാണ് ടീച്ചർമാർ കാർട്ടൂൺ സിംഹത്തെയും കടുവകളെയുമൊക്കെയാണ് കൊണ്ടു വന്നിരിക്കുന്നതെന്നായി മാതാപിതാക്കൾ.
ഇതിനിടെ സിംഹവും കടുവയും ടീച്ചർമാരെ പിടിക്കുമെന്ന് പറഞ്ഞ് കരഞ്ഞ കുട്ടികൾ വേറെയും. പക്ഷേ, ടീച്ചർമാർ ക്ലാസ് രസകരമായി അവതരിപ്പിച്ചതോടെ കുട്ടികളുടെയൊക്കെ പേടിയും സംശയവും മാറിയെന്ന് മാത്രമല്ല വീണ്ടും കാണണമെന്ന് വാശിപിടിക്കുകയും ചെയ്തു.
മുണ്ടുപറമ്പ് എ.എം.യു.പി സ്കൂളിൽ ഓഗ്മെന്റഡ് റിയാലിറ്റി വഴി നടത്തിയ ഓൺലൈൻ ക്ലാസിനിടെയുണ്ടായ രസകരമായ ക്ലാസിനെ പറ്റിയാണ് പറയുന്നത്. ടീച്ചർമാർ പഠിപ്പിക്കുന്നതിനൊപ്പം ത്രി ഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനവുമായി ബന്ധപ്പെട്ട രൂപങ്ങളെയും സ്ക്രീനിൽ ദൃശ്യമാക്കി കുട്ടികൾക്ക് പഠനം ആസ്വാദ്യമാക്കുന്ന രീതിയാണ് എ.എം.യു.പി സ്കൂളിലെ ടീച്ചർമാർ അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപ്രൈമറി, ഒന്ന്, രണ്ട്, ക്ലാസുകളിലെ കുട്ടികൾക്കായാണ് മൃഗങ്ങളുടെയും മറ്റും ത്രി ഡി രൂപം ഉൾപ്പെടുത്തി പഠനം എളുപ്പമാക്കിയിരിക്കുന്നത്. പ്രധാനാദ്ധ്യാപകൻ കെ. മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് അദ്ധ്യാപകർ ക്ലാസുകൾ ഒരുക്കുന്നത്.
സ്കൂളിൽ തന്നെയാണ് വീഡിയോ ചിത്രീകരണങ്ങൾ നടക്കുന്നതും. ക്ലാസുകൾ പകർത്തി എഡിറ്റ് ചെയ്യാൻ അദ്ധ്യാപകരുമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയാണ് വീഡിയോകൾ പുറത്തുവിടുന്നത്. കുട്ടികൾക്ക് ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസുകൾ ഇഷ്ടമായതോടെ ഉയർന്ന ക്ലാസുകളിലേക്കും ഈ രീതി ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപകർ.