നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ചെയർപേഴ്‌സൺ സ്ഥാനങ്ങളിൽ നിയമിതയായി
പിതാവ് ശിവ് നാടാർ ചെയർമാൻ സ്ഥാനമൊഴിഞ്ഞു
ന്യൂഡൽഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനികളിലൊന്നായ എച്ച്.സി.എൽ ടെക്നോളജിസീന്റെ ചെയർമാൻ സ്ഥാനം ശതകോടീശ്വരൻ ശിവ് നാടാർ (75) ഒഴിഞ്ഞു. മാനേജിംഗ് ഡയറക്‌ടർ, ചീഫ് സ്‌ട്രാറ്റജി ഓഫീസർ പദവികളിൽ അദ്ദേഹം തുടരും. ഏകമകളും ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയുമായ റോഷ്‌നി നാടാർ മൽഹോത്രയെ ചെയർപേഴ്‌സണായും നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടറും നിയമിച്ചു. നിലവിൽ, എച്ച്.സി.എൽ കോർപ്പറേഷൻ സി.ഇ.ഒയാണ് 38കാരിയായ റോഷ്‌നി.
എച്ച്.സി.എൽ ഗ്രൂപ്പിന്റെ നായികയായി മകൾ റോഷ്‌നി എത്തുമെന്ന് 2013ൽ തന്നെ ശിവ് നാടാർ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ വളർന്ന റോഷ്‌നി, നോർത്ത് വെസ്‌റ്രേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിനിമ, ടിവി, റേഡിയോ മുഖ്യവിഷയങ്ങളാക്കി കമ്മ്യൂണിക്കേഷൻ ബിരുദവും കെല്ലോഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ എന്റർപ്രൈസ് മാനേജ്‌മെന്റ് ആൻഡ് സ്‌ട്രാറ്റജി ആസ്പദമാക്കി ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്‌കൈ ന്യൂസിലും സി.എൻ.എന്നിലും ന്യൂസ് പ്രൊഡ്യൂസറായി ജോലി ചെയ്‌തശേഷമാണ് 2013ൽ അഡിഷണൽ ഡയറക്‌ടറായി എച്ച്.സി.എല്ലിൽ ചേരുന്നത്. സംഗീതജ്ഞ കൂടിയായ റോഷ്‌നി നാടാർ 2010ൽ എച്ച്.സി.എൽ ഹെൽത്ത്കെയർ വൈസ് ചെയർമാനായ ശിഖർ മൽഹോത്രയെ വിവാഹം ചെയ്‌തു. ഇവർക്ക് രണ്ടു മക്കളുണ്ട്.
ശതകോടീശ്വര
കുടുംബം
89,200 കോടി രൂപ ആസ്‌തിയുമായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ് ശിവ് നാടാർ. ഭാര്യ കിരൺ നാടാരുടെ ആസ്‌തി 25,100 കോടി രൂപ. 36,800 കോടി രൂപ ആസ്‌തിയുള്ള ഏകമകൾ റോഷ്‌നി നാടാർ ഇന്ത്യയിലെ ഏറ്രവും സമ്പന്ന വനിതയാണ്.
₹2,925 കോടി
നടപ്പുവർഷത്തെ ആദ്യ പാദമായ ഏപ്രിൽ-ജൂണിൽ 31.70 ശതമാനം വർദ്ധനയോടെ 2,925 കോടി രൂപയുടെ ലാഭം എച്ച്.സി.എൽ നേടിയ അവസരത്തിലാണ്, ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് റോഷ്‌നി ചുവടുവയ്ക്കുന്നത്.