എന്റെ ഈ ചോക്ളേറ്റ് മുഖം
പലപ്പോഴും മികച്ച കഥാപാത്രങ്ങൾ തേടി വരുന്നതിൽ തടസമായിട്ടുണ്ട്. വളരെ സോഫ്ട് ആയിട്ടുള്ള
ശബ്ദവും രൂപവുമാണ് എന്റേത്.
കോളേജിൽ പഠിക്കുന്ന നായകന്റെ കൂട്ടുകാരനും സ്വഭാവ ഗുണമുള്ള അനിയനുമായിട്ടാണ് മലയാളികൾ കൂടുതലും എന്നെ കണ്ടിട്ടുള്ളത് - സുധീഷ് മനസ് തുറക്കുന്നു
സിനിമയിലെ സുധീഷിനെപ്പോലെ തന്നെയാണോ
ജീവിതത്തിലെ സുധീഷും?
സാധാരണക്കാരിൽ സാധാരണക്കാരനാണ് ഞാൻ. കഴിയുന്നതും ടെൻഷൻ ഒഴിവാക്കിയുള്ള ജീവിതം. എന്തെങ്കിലും ചെറിയ വിഷമങ്ങൾ ഉണ്ടെങ്കിൽ ആ നിമിഷം തന്നെ ഞാനത് പരിഹരിക്കും.ഇല്ലെങ്കിൽ അന്ന് എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല. കുടുംബമാണ് ഏറ്റവും പ്രധാനം.എപ്പോഴും സമാധാനവും സന്തോഷവും ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.അച്ഛൻ പോയതോടെ കുടുംബനാഥന്റെ സ്ഥാനമാണെനിക്ക്. എറണാകുളത്ത് വന്ന് സെറ്റിലായിക്കൂടെയെന്ന് പലരും ചോദിക്കാറുണ്ട്. എറണാകുളത്ത് ഫ്ളാറ്റ് ഒക്കെയുണ്ടെങ്കിലും കോഴിക്കോട് വിട്ട് ഒരിടത്തേക്കും പോകാൻ കഴിയില്ല. അച്ഛനും അമ്മയും ഭാര്യയുമെല്ലാം കോഴിക്കോടുകാരാണ്. മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടാനാണ് എല്ലാവരും എറണാകുളത്തേക്ക് മാറുന്നത്. എനിക്കുള്ള അവസരങ്ങൾ എവിടെയാണെങ്കിലും എന്നെ തേടി വരുമെന്ന വിശ്വാസക്കാരനാണ് ഞാൻ.
തീവണ്ടിയിലെ അമ്മാവനാണ് ഏറെക്കാലത്തിനുശേഷം ശ്രദ്ധിക്കപ്പെട്ട
ഒരു കഥാപാത്രം ?
തീർച്ചയായും. ഒരുപാട് നാൾക്കു ശേഷമാണ് ഞാൻ അവതരിപ്പിച്ച ഒരു കഥാപാത്രം വ്യാപകമായ രീതിയിൽ സ്വീകാര്യത നേടുന്നത്. ചിത്രത്തിന്റെ സംവിധായകനെയോ മറ്റുള്ളവരെയോ എനിക്ക് നേരത്തേ അറിയില്ലായിരുന്നു. ആദ്യ ഷോട്ട് എടുക്കുന്നതിന് മുമ്പ് അവർക്കും ചെറിയ രീതിയിലുള്ള ചില സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. കാരണം ആദ്യമായിട്ടാണ് ഞാൻ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകനെ ആംബുലൻസിൽ കൊണ്ടുപോകുന്ന സീനാണ് ആദ്യം എടുത്തത്. ആ സീൻ കഴിഞ്ഞപ്പോൾ എല്ലാവർക്കും അമ്മാവനെ ശരിക്കും ഇഷ്ടപ്പെട്ടു. ടൊവിനോയ്ക്കൊപ്പം എന്ന് നിന്റെ മൊയ്തീനിൽ അഭിനയിച്ചിട്ടുണ്ട്.അമ്മാവൻ കിടിലം കഥാപാത്രമാണെന്നും നമുക്ക് പൊളിക്കണമെന്നുമാണ് ആദ്യ ദിവസം ടൊവിനോ പറഞ്ഞത്. വരാൻ പോകുന്ന നിവിൻ പോളിയുടെ പടവെട്ട് എന്ന ചിത്രത്തിലും ഏറെ പ്രതീക്ഷയുള്ള കഥപാത്രമാണ്. ഷൂട്ടിംഗ് പൂർത്തിയാകാത്തതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല.
കിണ്ടിയിൽ നിന്ന് പുതിയ കാലത്തേക്കുള്ള മാറ്റത്തെക്കുറിച്ച് ?
മണിച്ചിത്രത്താഴിലെ അഭിനേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു. ആ സിനിമയിൽ ലാലേട്ടൻ ഒരുപാട് പ്രാവശ്യം അല്പംപോലും അരോചകമാകാതെ കിണ്ടി എന്ന് വിളിക്കുന്നുണ്ട്. ലാലേട്ടന്റെ കുസൃതി നിറഞ്ഞ പെർഫോമൻസ് കാരണമാണ് എന്റെ കഥാപാത്രത്തിന് കൂടുതൽ ശ്രദ്ധ കിട്ടിയത്. എന്റെ നിഷ്കളങ്കമായ പ്രതികരണം കൂടി വന്നപ്പോൾ ചന്തു എന്ന കഥാപാത്രം എല്ലാവർക്കും ഇഷ്ടമായി.പിന്നീട് അനവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും അതിനൊന്നും ചന്തുവിനെക്കാൾ സ്വീകാര്യത കിട്ടിയില്ല .
നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതിന് കോളേജ് പയ്യൻ
എന്ന ഇമേജ് തടസം
നിന്നിട്ടുണ്ടോ?
എന്റെ ഈ ചോക്ളേറ്റ് മുഖം പലപ്പോഴും മികച്ച കഥാപാത്രങ്ങൾ തേടി വരുന്നതിൽ തടസമായിട്ടുണ്ട്. വളരെ സോഫ്ട് ആയിട്ടുള്ള ശബ്ദവും രൂപവുമാണ് എന്റേത്. കോളേജിൽ പഠിക്കുന്ന നായകന്റെ കൂട്ടുകാരനും സ്വഭാവ ഗുണമുള്ള അനിയനുമായിട്ടാണ് മലയാളികൾ കൂടുതലും എന്നെ കണ്ടിട്ടുള്ളത്. അത്തരം കഥാപാത്രങ്ങളിൽ നിന്ന് ആദ്യമായി ഒരു ബ്രേക്ക് കിട്ടിയത് ബാലേട്ടനിൽ ആണ്. ബാലേട്ടനിൽ അനിയന്റെ വേഷമായിരുന്നെങ്കിലും ലാലേട്ടന്റെ കഥാപാത്രത്തെ എതിർത്ത് സംസാരിക്കുന്ന അനിയനായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഞാൻ അഭിനയിച്ചവയെല്ലാം ഗംഭീര വേഷങ്ങളായിരുന്നു. ആധാരത്തിലും വേനൽകിനാവിലും മുദ്രയിലുമെല്ലാം ശക്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അനിയത്തിപ്രാവ് കഴിഞ്ഞതിനു ശേഷമാണ് കോളേജ് പയ്യൻ എന്ന ഇമേജിൽ കുടുങ്ങിയത്. പിന്നീട് വന്നവയെല്ലാം അത്തരം കഥാപാത്രങ്ങൾ ആയിരുന്നു.
കൂടെ അഭിനയിച്ച പലരും
സൂപ്പർതാര പദവിയിൽ
എത്തിയല്ലോ?
നമ്മളോടൊന്നിച്ച് അഭിനയിച്ചവരൊക്കെ നല്ല നിലയിൽ എത്തുമ്പോൾ വളരെ സന്തോഷം തോന്നും. പക്ഷേ എനിക്ക് വലിയ താരമാവുന്നതിനോടൊന്നും അത്രയ്ക്ക് താത്പര്യമില്ല. പ്രേക്ഷകർ എന്നെന്നും ഓർമ്മിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. മോശം പറയിക്കാതെ ഇങ്ങനെയൊക്കെ ജീവിച്ചുപോകണമെന്നാണ് ആഗ്രഹം. ഒരു സ്റ്റാറാകുകയും അത് നിലനിറുത്തുകയും ചെയ്യണമെങ്കിൽ മറ്റു ചില കഴിവുകൾ കൂടി വേണം . സിനിമ തിരഞ്ഞെടുക്കാനുള്ള കഴിവാണ് അതിൽ പ്രധാനം.
അച്ഛൻ സിനിമയിലും നാടകത്തിലുമൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ ?
അച്ഛനില്ലെങ്കിൽ ഞാനില്ല. ഞാനിന്ന് നാലാളറിയുന്ന സിനിമാ നടനാവാൻ കാരണം അച്ഛനാണ്. പ്രൊഫഷണൽ നാടക നടനായിരുന്നു അച്ഛൻ. കുട്ടിക്കാലത്തു അച്ഛന്റെ നാടകങ്ങൾ കണ്ടാണ് വളർന്നത്. മടിയനായ എന്നെ അച്ഛൻ നിർബന്ധിച്ച് നാടകങ്ങളിൽ അഭിനയിപ്പിക്കുമായിരുന്നു.വീട്ടിനകത്തു അടച്ചു മൂടിയിരിക്കാൻ അച്ഛൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് കുട്ടിക്കാലത്തെ അച്ഛൻ നൽകിയിരുന്നു. എനിക്കുപോലും എന്റെ മോനെ ഇന്ന് പല സ്ഥലത്തേക്കും ഒറ്റയ്ക്ക് വിടാൻ ഭയമാണ്.
കുടുംബം?
കുടുംബത്തിന്റെ പിന്തുണയാണ് മുന്നോട്ട് നയിക്കുന്നത്. ഭാര്യ ധന്യ എന്റെ കഥാപാത്രങ്ങളെ കൃത്യമായി വിലയിരുത്താറുണ്ട്. തീവണ്ടിയിലെ അമ്മാവൻ കണ്ടിട്ട് കുഴപ്പമില്ലെന്നാണ് അവൾ പറഞ്ഞത്. അവൾ കുഴപ്പമില്ലെന്ന് പറഞ്ഞാൽ സംഭവം കിടുക്കിയെന്ന് അർത്ഥം. മൂത്ത മകൻ രുദ്രാക്ഷ് ഏഴാം ക്ലാസിൽ പഠിക്കുന്നു. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ് ലോയിൽ ചാക്കോച്ചനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ആ ചിത്രത്തിലെ അഭിനയത്തിന് അവന് ഒരുപാട് അവാർഡുകൾ ലഭിച്ചു. രണ്ടാമത്തെ മകൻ മാധവ്.
ഇടയ്ക്ക് സീരിയൽ
സംവിധാനം ചെയ്തല്ലോ ?
ഇഷ്ടമായി എന്നായിരുന്നു സീരിയലിന്റെ പേര്. ഫാസിൽ സാറൊക്കെ സംവിധാനം ചെയ്യുന്നത് കണ്ട് ക്രേസായി ചെയ്തതാണ്. പതിമ്മൂന്ന് എപ്പിസോഡിന്റെ കരാർ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീടത് 33 എപ്പിസോഡ് വരെയായി. ആ സീരിയൽ വിജയമായിരുന്നെങ്കിലും പിന്നീട് ഞാൻ സീരിയൽ സംവിധാനത്തിലേക്ക് വന്നില്ല. മനസിലുള്ള ഫ്രെയിമുകൾ സീരിയലിന്റെ ചെറിയ കാൻവാസിൽ ഒതുക്കാൻ കഴിയില്ലായിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ തത്കാലമില്ല . ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.