മാഡ്രിഡ് : ഒസാസുനയോട് തോൽക്കുകയും കയ്യിലിരുന്ന ലാ ലിഗ കിരീടം നഷ്ടപ്പെടുകയും ചെയ്തതോടെ ടീമിന്റെ പ്രകടനത്തെപ്പറ്റി പരസ്യമായി ശബ്ദമുയർത്തി ബാഴ്സലോണയുടെ സൂപ്പർതാരം ലയണൽ മെസി. ആർക്കും കയറി ഗോളടിച്ചിട്ടുപോകാവുന്ന ദുർബലമായ ഒരു ടീമായി ബാഴ്സ മാറിയെന്നും ഒരു സ്ഥിരതയും കാട്ടാനാകുന്നില്ലെന്നും ഇൗ പോക്കാണെങ്കിൽ യുവേഫ ചാമ്പ്യൻസ് ലീഗിലും തോൽവിതന്നെയാകും വിധിയെന്നുമാണ് മെസി ഒസാസുനയ്ക്കെതിരെ തോറ്റ ശേഷം പ്രതികരിച്ചത്.
മെസിയുടെ പരസ്യമായ പരുഷവാക്കുകൾ ബാഴ്സലോണ ക്ളബിനുള്ളിലെ അസ്വാരസ്യങ്ങൾ ഒന്നുകൂടി വലിച്ചുപുറത്തിട്ടിരിക്കുകയാണ്.ഇൗ ജനുവരിയിൽ ക്ളബിലേക്ക് എത്തിയ പരിശീലകൻ ക്വിക്കെ സെറ്റിയാന്റെ രീതികളാണ് പ്രശ്നമെന്ന് ലോക്ക്ഡൗണിന് മുമ്പേ സോഷ്യൽ മീഡിയയിൽക്കൂടി പ്രതികരിച്ചിരുന്നു. ലോക്ക്ഡൗണിന് മുമ്പ് രണ്ട് പോയിന്റിന് ലാ ലിഗയിൽ ലീഡ് ചെയ്തിരുന്ന ബാഴ്സലോണ മത്സരങ്ങൾ പുനരാരംഭിച്ചശേഷം സെവിയ്യ,സെൽറ്റ ഡി വിഗോ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളുമായി സമനിലയിൽ കുരുങ്ങിയതോടെയാണ് പോയിന്റ് പട്ടികയിൽ പിന്നാക്കം പോയത്.
സെറ്റിയാനെ ഇൗ സീസണിൽ ബാഴ്സലോണ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നാണ് സൂചന. അടുത്ത മാസം ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയുമായി നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ സെറ്റിയാന്റെ കാര്യത്തിൽ തീരുമാനമാകും. ആദ്യ പാദത്തിൽ ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു.
ഇൗ പോക്ക് ശരിയായ വഴിക്കല്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. ഇങ്ങനെപോയാൽ ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയോടും തോൽക്കും. ടീമിന്റെ ശൈലിയിലും പ്രകടനത്തിലും ഒരുപാട് മാറ്റങ്ങൾ വേണ്ടിവന്നിരിക്കുന്നു.ജനുവരിമുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. ചാമ്പ്യൻസ് ലീഗിന് മുമ്പ് തലയിൽ നിന്ന് ആ പ്രശ്നങ്ങളൊക്കെ മാറ്റി പുതിയ തുടക്കമിടാൻ കഴിയണം.
ലയണൽ മെസി