ന്യൂഡൽഹി : ഈ കൊവിഡ് കാലത്ത് എല്ലാവർക്കുമുള്ള സംശയമാണ് പുറത്ത് നിന്നും വാങ്ങുന്ന ഭക്ഷണം എങ്ങനെ കഴുകണമെന്ന്. നാം കൈകൾ സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുന്നു. എന്നാൽ ആഹാര പദാർത്ഥങ്ങൾ കഴുകേണ്ട രീതി എങ്ങനെയാണെന്നാണ് മിക്കവരുടെയും സംശയം. പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിലാണ് നാം പ്രധാനമായും ഈ സംശയങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഈ സംശയങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ ( FSSAI ). കൊവിഡ് കാലത്ത് പഴങ്ങളും പച്ചക്കറികളുമൊക്ക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ
1. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ശേഷം പുറത്ത് നിന്നും വാങ്ങിക്കൊണ്ടു വന്ന പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുക.
2. ആദ്യം ഇളം ചൂട് വെള്ളത്തിലോ, ലേശം ക്ലോറിൻ ചേർത്ത വെള്ളത്തിലോ ഇവ മുക്കി വയ്ക്കാം. ശേഷം വൃത്തിയാക്കാം.
3. ഇനി ശുദ്ധജലത്തിൽ വീണ്ടും വൃത്തിയാക്കുക.
4. സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ ഒരിക്കലും പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാൻ ഉപയോഗിക്കരുത്.
5. വൃത്തിയാക്കിയ ശേഷം ഇവ ഫ്രിഡ്ജിലോ അല്ലാതെയോ സുരക്ഷിതമായി സൂക്ഷിക്കാം.
6. പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷവും കൈകൾ സോപ്പിട്ട് കഴുകുക.
പാൽ പായ്ക്കറ്റ് വൃത്തിയാക്കുമ്പോൾ
1. പാൽ വീടുകളിൽ എത്തിക്കുകയാണെങ്കിൽ, പാൽ എത്തിച്ചു തരുന്നയാളുമായി അകലം പാലിക്കുക. പാൽ എത്തിച്ചു നൽകുന്നവർ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
2. പായ്ക്കറ്റ് പാൽ പൊട്ടിക്കുന്നതിന് മുമ്പ് കവർ വൃത്തിയായി കഴുകുക.
3. പാൽ പായ്ക്കറ്റ് കഴുകിയ ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
4. പാൽ പായ്ക്കറ്റിന് പുറത്തുള്ള വെള്ളം തോർന്ന ശേഷം മാത്രമേ പാത്രത്തിലേക്ക് ഒഴിക്കാൻ പാടുള്ളു.
5. പാത്രത്തിലേക്ക് മാറ്റിയ പാൽ നന്നായി തിളപ്പിച്ച് ഉപയോഗിക്കുക.