varsha-revathy

അമ്മയുടെ ഓപ്പറേഷനായി സഹായത്തിനായി കേണപേക്ഷിച്ച് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത വർഷ എന്ന പെൺകുട്ടിയെ നമുക്കെല്ലാം ഓർമ്മയുണ്ട്. വീഡിയോ വൈറലായതോടെ വർഷക്ക് സഹായവുമായി നിരവധി പേർ എത്തി, അമ്മയുടെ ഓപ്പറേഷൻ നടന്നു. ഓപ്പറേഷൻ കഴിഞ്ഞെന്നും സഹായിച്ചവർക്ക് നന്ദി പറഞ്ഞ് വർഷ വീണ്ടും വീഡിയോ ഇട്ടു.എന്നാൽ പിന്നീട് സഹായം നൽകിയവരിൽ ചിലർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നും വർഷയുടെ അടുത്ത വീഡിയോ വന്നു. ഇതിനെതിരെ വിമർശനവുമായി രേവതി രൂപേഷ് എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്ത വീഡിയോ ഇപ്പോൾ ചർച്ചയാകുകയാണ്.

വർഷയുടെ സഹായം ചോദിച്ചുള‌ള വീഡിയോ വൈറലായതോടെ 1 കോടി 21 ലക്ഷം രൂപ അവർക്ക് സഹായമായി ലഭിച്ചു. എന്നാൽ പിന്നീട് അന്ന് സഹായിച്ചവരെ തള‌ളിയുള‌ള വർഷയുടെ വീഡിയോ കാരണം വേദനയുണ്ടായെന്ന് രേവതി രൂപേഷ് പറയുന്നു.

'എന്തൊക്കെയായാലും എന്തെങ്കിലുമൊരു നന്മ ധനസഹായം ചെയ്‌തവർ ചെയ്‌തിട്ടുണ്ടല്ലോ.വർഷയുടെ അമ്മ ഇന്ന് ജീവിച്ചിരിക്കാൻ കാരണം അവരാണ്. സാജൻ കേച്ചേരിയായാലും ഷഹീൻ കെ മൊയ്‌തീനാണെങ്കിലും ഫിറോസ് ആണെങ്കിലും സുശാന്ത് നിലമ്പൂരാണെങ്കിലും അവരെല്ലാം ചേർന്ന കൂട്ടായ്‌മയാണ് വർഷയുടെ അമ്മയുടെ ജീവൻ രക്ഷിച്ചത്. അവരെയെല്ലാം പ്രതികൂട്ടിൽ നിർത്തിയത് കണ്ട് വിഷമം തോന്നി.' രേവതി രൂപേഷ് പറയുന്നു.

ഇത്തരം പ്രവൃത്തി ചെയ്യുന്നവർ ഒരു ജോയിന്റ് അക്കൗണ്ട് തുറന്ന് ചെയ്യണം. വർഷയുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചുപോയത് സമയക്കുറവ് കൊണ്ടാണ്. കാരണം ഓരോ നിമിഷം താമസിക്കുന്തോറും അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. സഹായം നൽകിയവർ രക്ഷിച്ച ജീവനുകളെ കുറിച്ച് ചിന്തിക്കാതെ സാമ്പത്തികലാഭമുണ്ടാക്കിയോ എന്ന് നെഗറ്റീവുകൾ തിരയുകയാകും ചിലരെന്നും രേവതി രൂപേഷ് ഓർമ്മിപ്പിക്കുന്നു.

വർഷ സമയത്തിന്റെ വില ഓർക്കേണ്ടതാണ്. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞിരുന്നെങ്കിൽ വർഷയുടെ അമ്മക്ക് സംഭവിക്കാവുന്ന അപകടം മനസ്സിലാക്കി തന്നെയാണ് ഇവരെല്ലാം പുലർച്ചെ തന്നെ സഹായത്തിനെത്തിയത്. വർഷയുടെ അമ്മയുടെ ഓപ്പറേഷന് 30 ലക്ഷം രൂപയിൽ താഴെ മാത്രമാകും ചിലവ് വന്നിരിക്കുക. വർഷയുടെ അമ്മയുടെ അതേ അവസ്ഥയിലുള‌ള ഗുരുവായൂർ സ്വദേശിക്ക് പണം നൽകാമെന്ന് ആദ്യം വർഷ സമ്മതിച്ചു. എന്നാൽ അത് ലഭിക്കാത്തതിലെ നീരസമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നും രേവതി രൂപേഷ് വീഡിയോയിൽ പറയുന്നു. ഗുരുവായൂരിലെ ബഷീറിന്റെ അവസ്ഥ വർഷയുടെ അമ്മയുടെ അതേ അവസ്ഥയാണെന്നും വർഷ പണം നൽകില്ലെന്ന് അറിഞ്ഞപ്പോൾ ബഷീറിന്റെ ഭാര്യ തന്നെ വിളിച്ച് പൊട്ടിക്കരഞ്ഞെന്നും രേവതി പറയുന്നു. ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ച് തീ‌ർക്കേണ്ടതാണീ വിഷയമെന്നും സഹായിച്ചവരെ ചീത്തപറയുമ്പോൾ വർഷ വന്ന വഴി മറക്കരുതെന്ന് രേവതി രൂപേഷ് ഓർമ്മിപ്പിക്കുന്നു.