ചെന്നൈ: കോയമ്പത്തൂരിൽ സാമൂഹ്യ പരിഷ്‌കർത്താവ് പെരിയാർ ഇ. വി രാമസ്വാമിയുടെ പ്രതിമ നശിപ്പിക്കാൻ ശ്രമം. പ്രതിമയ്ക്കുമേൽ കാവി ചായം ഒഴിച്ചാണ് അനാദരവ് കാണിച്ചത്. ഇന്നലെ രാവിലെയാണ് പ്രദേശവാസികൾ ഇത് കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് ചായം ഒഴിച്ചതെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് ഇരുപതോളം പെരിയാർ അനുകൂല പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. പ്രതിമയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹിന്ദു ദൈവമായ മുരുകനെ വർണിക്കുന്ന ‘കണ്ട ശാസ്തി കവസം’ എന്ന ഭക്തിഗാനത്തെക്കുറിച്ച് ‘കറുപ്പർ കൊട്ടം’ എന്ന പേരായ യൂടൂബ് ചാനലിൽ വീഡിയോ വന്നിരുന്നു. ഇതേതുടർന്ന് പെരിയാറിനെ പിന്തുണയ്ക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് പെരിയാറിന്റെ പ്രതിമ നശിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഹിന്ദുത്വ വികാരം വ്രണപ്പെടുത്തുന്നെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
2020 ജനുവരിയിലും തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിലെ പെരിയാറിന്റെ പ്രതിമ നശിപ്പിച്ചിരുന്നു. ഈ പ്രതിമയുടെ വലത് കൈയും മുഖവും തകർത്ത നിലയിലായിരുന്നു കണ്ടത്.