ദോഹ: കൊവിഡ് വ്യാപനത്തിന്റെ മൂർധന്യ ദശ പിന്നിട്ട ഖത്തറിൽ കൊവിഡ് ആശുപത്രികളും ക്വാറന്റൈൻ കേന്ദ്രങ്ങളും ഒഴിയുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മിസഈദ് ആശുപത്രിയിലെ കൊവിഡ് ബാധിതരായ അവസാന സംഘവും രോഗം ഭേദമായി ഡിസ്ചാർജായി.
ആരോഗ്യമന്ത്രി ഡോ.ഹനാൻ അൽ കുവാരി മിസഈദിലെ അവസാന രോഗികളെ സന്ദർശിച്ചു. എല്ലാ കൊവിഡ് രോഗികളും ഡിസ്ചാർജ്ജാവുന്ന എച്ച്.എം.സിയുടെ രണ്ടാമത്തെ കൊവിഡ് ആശുപത്രിയാണ് മിസഈദ്.
ഖത്തറിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച ഏഴ് ആശുപത്രികളിൽ ഒന്നാണിത്. 6,170 കൊവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്.
രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയും രോഗമുക്തരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മിക്ക ക്വാറന്റൈൻ സെന്ററുകളും അധികം വൈകാതെ പൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ.
മെകനിസിലെ കൊവിഡ് കേന്ദ്രത്തിലാണ് ഏറ്റവുമധികം രോഗികളുണ്ടായിരുന്നത്. നിലവിൽ വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ഇവിടെയുള്ളത്. രാജ്യത്താകെ ഇനി 3000ഓളം കൊവിഡ് രോഗികളാണുള്ളത്.